‘നിങ്ങളുടെ വേദന ഞങ്ങള്‍ക്ക് അറിയാം, ഞങ്ങളുടെ പിതാവിന്റെ വിധിയും ഇതായിരുന്നു’; വീരമൃത്യുവരിച്ച ജവാന്മാരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും

ലക്‌നൗ: പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും. ജ്യോതിരാദിത്യ സിന്ധ്യയ്ക്കും യുപിയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് രാജ് ബബ്ബറിനും ഒപ്പമാണ് ഇരുവരും ജവാന്മാരുടെ കുടുംബത്തെ സന്ദര്‍ശിച്ചത്.

സിആര്‍പിഎഫ് ജവാന്‍ അമിത് കുമാര്‍ കോറിയുടെ മരണാനന്തര പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കാണ് ആദ്യം ഇരുവരുമെത്തിയത്. ‘നിങ്ങളുടെ വേദന ഞങ്ങള്‍ക്ക് മനസിലാകും’ എന്ന് പറഞ്ഞാണ് രാഹുല്‍ കോറിയുടെ കുടുംബത്തെ ആശ്വസിപ്പിച്ചത്. ‘ഞങ്ങളുടെ പിതാവിന്റെ വിധിയും ഇതുതന്നെയായിരുന്നു’വെന്നും രാഹുല്‍ പറഞ്ഞു.

”ദുഃഖം നിറഞ്ഞ ഈ നിമിഷത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്… കോറിയുടെ അച്ഛന്‍ ഏറെ ദുഃഖത്തിലാണ്. ഒപ്പം മകനെ ഓര്‍ത്തുള്ള അഭിമാനത്തിലുമാണ് അദ്ദേഹം. ആ കുടുംബം അവരുടെ ജീവിതം മുഴുവന്‍ നല്‍കിയത് ആ മകനാണ്. അദ്ദേഹമാകട്ടെ തന്റെ സ്‌നേഹവും ശരീരവും ജീവനും രാജ്യത്തിന് നല്‍കി. ആ ത്യാഗത്തിന് രാജ്യം മുഴുവന്‍ നിങ്ങളോട് നന്ദിയുള്ളവരായിരിക്കും. ഇത് ഒരിക്കലും മറക്കാനാവില്ല” രാഹുല്‍ ഗാന്ധി പറഞ്ഞു.

അജിത് കുമാര്‍ കോറിയുടെ വീട്ടില്‍നിന്ന് ഗാന്ധി സഹോദരങ്ങള്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ പ്രദീപ് കുമാറിന്റെ വീടും സന്ദര്‍ശിച്ചു.

Exit mobile version