ജയ്പൂര്‍: തെരഞ്ഞെടുപ്പ് അടുത്തതോടെ വിജയ സാധ്യതയുള്ള പാര്‍ട്ടികളിലേക്ക് നേതാക്കളുടെ ഒഴുക്കും ആരംഭിച്ചിരിക്കുന്നു. ഇത്തവണ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ഭരണകക്ഷിയായ ബിജെപിയുടെ നാലു നേതാക്കള്‍ കോണ്‍ഗ്രസ് ക്യാംപിലേക്ക് ചേക്കേറിയിരിക്കുകയാണ്. കോണ്‍ഗ്രസ് ധോല്‍പുര്‍ ജില്ലാ പ്രസിഡന്റ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ബിജെപിയുടെ നാലു നേതാക്കള്‍ കോണ്‍ഗ്രസ്സിലേയ്ക്ക് കൂടുമാറിയത്. സിറ്റിങ് എംഎല്‍എമാരില്‍ ഒരു വിഭാഗത്തിനു ബിജെപി ഇത്തവണ സീറ്റു നല്‍കില്ലെന്ന് ഉറപ്പായതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കൂടുതല്‍ മുറുകുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബന്‍വാരിലാല്‍ ശര്‍മ്മയുടെ മകന് അശോക് ശര്‍മ്മയാണ് ബിജെപിയിലേയ്ക്ക് മാറിയത്. ട്രെയിലര്‍ മാത്രമാണ് അശോക് ശര്‍മ്മയുടെ കടന്നുവരവെന്നും പിക്ചര്‍ അഭി ബാക്കി ഹെ (സിനിമ പ്രദര്‍ശിപ്പിക്കാനിരിക്കുന്നതേയുള്ളു) എന്നുമായിരുന്നു ബിജെപി പ്രതികരിച്ചത്. അശോകിന്റെ വരവോടെ രാജസ്ഥാന്റെ കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി.
എന്നാല്‍ അതേസമയം സികാറില്‍ മന്ത്രിയുടെ സഹോദരി ഉള്‍പ്പെടെ നാലു ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിക്ക് തിരിച്ചടിയായി. സഹകരണ മന്ത്രി അജയ് കിലാക്കിന്റെ സഹോദരിയും മുന്‍ ജില്ലാ പ്രമുഖുമായ ബിന്ദു ചൗധരി, ജയ്പുര്‍ ജില്ലാ പ്രമുഖ് മൂല് ചന്ദ് മീണ, മുന്‍ എംഎല്‍എ നാരായണ്‍ റാം ബേദ, ജാട്ട് നേതാവും മുന്‍ രാജെ മന്ത്രി സഭയില്‍ അംഗമായിരുന്ന ഉഷാ പൂനിയയുടെ ഭര്‍ത്താവുമായ വിജയ് പൂനിയ എന്നിവരാണ് കോണ്‍ഗ്രസില്‍ എത്തിയത്.
മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത് സിങ്ങിന്റെ മകനും രാജസ്ഥാനിലെ ബിജെപി എംഎല്‍എയുമായ മാനവേന്ദ്ര സിങ് നേരത്തേ തന്നെ കോണ്‍ഗ്രസില്‍ എത്തിയിരുന്നു.
Discussion about this post