ന്യൂഡല്‍ഹി: ജമ്മു-കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പേരില്‍ കാശ്മീരികള്‍ക്കെതിരെ രാജ്യത്ത് വീണ്ടും അക്രമം. ട്രെയിനില്‍ പുതപ്പ് വില്‍പ്പനയ്ക്കെത്തിയ രണ്ട് കാശ്മീരി യുവാക്കള്‍ക്കാണ് ഡല്‍ഹിയില്‍ മര്‍ദ്ദനമേറ്റത്. ഹരിയാനയിലെ സംപ്ലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരെ രണ്ട് പേര് ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി നന്‍ഗോളി സ്റ്റേഷനില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ ഉപേക്ഷിച്ച് ട്രെയിനില്‍ നിന്ന് ഇവര്‍ ഇറങ്ങി പോവുകയായിരുന്നു. അക്രമത്തിന് ഇരയായ കാശ്മീരി യുവാക്കള്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ടിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്കി.
കാശ്മീരി യുവാക്കളെ മര്‍ദിച്ചത് സായുധ സേനാംഗങ്ങളെന്ന് അവകാശപ്പെട്ട രണ്ട് പേരാണെന്ന് വൃന്ദകാരാട്ട് പറഞ്ഞു. നിങ്ങളാണ് ഞങ്ങളുടെ ആളുകളെ കൊന്നതെന്ന് പറഞ്ഞ് അടിക്കുകയായിരുന്നു. ഇത് കണ്ട് നിന്ന പതിനഞ്ച് യാത്രക്കാര്‍ കൂടി ചേര്‍ന്ന് മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. മരിച്ചുപോകുമെന്ന് കരുതി വില്പനയ്ക്ക് വെച്ച രണ്ട് ലക്ഷം രൂപ വില വരുന്ന പുതപ്പുകള്‍ ഉപേക്ഷിച്ച് അവര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് വൃന്ദകാരാട്ട് പറഞ്ഞു.
എന്നാല്‍ അക്രമികള്‍ സാധാരണ വേഷത്തിലായതിനാല്‍ സായുധ സേനംഗങ്ങള്‍ ആണോ എന്നറിയില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ദിനേഷ് കുമാര്‍ ഗുപ്ത പറഞ്ഞു. അക്രമണത്തെ തുടര്‍ന്ന് നന്ഗോളിയില് ഇറങ്ങിയ യുവാക്കള്‍ കാശ്മീരിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് വൃന്ദകാരാട്ടിനെ ബന്ധപ്പെട്ടത്. മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് ഇവര്‍ റെയില്‍വേ പോലീസില്‍ പരാതി നല്കാന് എത്തിയതെന്നും പോലീസ് അറിയിച്ചു.
Discussion about this post