പൂണെ: അറസ്റ്റിലായ അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ് എന്നീ ആക്ടിവിസ്റ്റുകള്‍ വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നുവെന്ന് പൂണെ പോലീസ്.
വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് വഴി തിരിച്ചുവിടുന്നതിലൂടെ രാജ്യത്തിന്റെ പരമാധികാരത്തേയും ഐക്യത്തേയും തകര്‍ക്കുന്ന രീതിയിലുള്ള ഗൂഢാലോചനയില്‍ പങ്കാളികളായതെന്നും ജെഎന്‍യു, ടിസ് എന്നീ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ നിന്നാണ് ഇവര്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തിരുന്നതെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
അതോടൊപ്പം മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കിയെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. പ്രോസിക്യൂഷന്റെ അഭ്യര്‍ഥന മാനിച്ച് കോടതി രണ്ട്പേരെയും നവംബര്‍ ആറ് വരെ റിമാന്റ് ചെയ്തു.
കോടതിയുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെന്നും ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഫെരേരയുടെ അഭിഭാഷകന് സിദ്ധാര്‍ഥ് പാട്ടീല്‍ പറഞ്ഞു. ഓഗസ്റ്റ് 28നാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അഞ്ച് ആക്ടിവിസ്റ്റുകളെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post