ധര്‍മ്മശാല: പുല്‍വാമ ഭീകരാക്രമണത്തില്‍ 39 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല സ്റ്റേഡിയത്തില്‍ നിന്നും പാക് ക്രിക്കറ്റ് താരങ്ങളുടെ ഫോട്ടോകള്‍ നീക്കം ചെയ്തു. മുന്‍ പാക്ക് ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന് ഖാന്റെയടക്കം ചിത്രങ്ങളാണ് ഇവിടെ നിന്നും മാറ്റിയത്. പാകിസ്താനെ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന പ്രസ്താവനയുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് രംഗത്തെത്തിയതിനു പിന്നാലെയാണ് ധര്‍മ്മശാല സ്റ്റേഡിയത്തില്‍ നിന്നും പാക് താരങ്ങളുടെ ഫോട്ടോകള്‍ നീക്കം ചെയ്തത്.
ധര്‍മ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് പാകിസ്താന് താരങ്ങളുടെ എല്ലാ ഫോട്ടോകളും നീക്കം ചെയ്തതായും പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തിലൊരു നടപടിയെന്നും അസോസിയേഷന് പറഞ്ഞു. നേരത്തെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും ഇതേ രീതിയില്‍ പാക് താരങ്ങളുടെ ഫോട്ടോകള്‍ നീക്കം ചെയ്ത് പ്രതിഷേധിച്ചിരുന്നു.
അതേ സമയം ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ- പാകിസ്താന് മത്സരം ഒഴിവാക്കാന്‍ സാധ്യതയില്ലെന്ന നിലപാടുമായി ഐസിസി രംഗത്തെത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രിക്കറ്റ് മത്സരത്തെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും നിലവിലെ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നുമാണ് ഐസിസി സിഇഒ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Discussion about this post