ഹൈദരാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടെന്നിസ് താരവും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിര്‍സയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംഎല്‍എ.
‘പാക്കിസ്ഥാന്റെ മരുമകളാ’യ സാനിയയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സംസ്ഥാനത്തുനിന്നുള്ള ഏക ബിജെപി എംഎല്‍എ ടി രാജാ സിങ് ആവശ്യപ്പെട്ടു. 2014 ജൂലൈയിലാണ് സാനിയയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത്.
കശ്മീരിലെ പുല്‍വാമയില്‍ നമ്മുടെ ധീര സൈനികരെ പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകരര്‍ കൊലപ്പെടുത്തിയത് പൊറുക്കാനാകാത്ത കാര്യമാണ്. നമ്മുടെ അയല്‍രാജ്യത്തിന്റെ പിന്തുണയോടെ അരങ്ങേറിയ ഹീനകൃത്യത്തെ ഇന്ത്യ ഒന്നടങ്കം അപലപിച്ചിട്ടുമുണ്ട്. പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും ഇന്ത്യ പുനഃപരിശോധിക്കുന്ന സമയത്ത്, പാക്കിസ്ഥാന്റെ മരുമകളായ സാനിയ മിര്‍സ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു തുടരുന്നത് ശരിയല്ല’ രാജാ സിങ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
അതേസമയം, പുല്‍വാമ ആക്രമണത്തെ അപലപിച്ച് സാനിയ മിര്‍സ നേരത്തെ രംഗത്തെത്തിയിരുന്നു. ‘പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമാണു ഞാന്‍. ഫെബ്രുവരി 14 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ഇരുണ്ട ദിനമായിരുന്നു. അങ്ങനെയൊരു ദിനം ഇനി ഉണ്ടാകാതിരിക്കട്ടെ. ഈ ദിവസം മറക്കാനോ പൊറുക്കാനോ സാധിക്കില്ലെന്ന് ഉറപ്പ്. എങ്കിലും വിദ്വേഷം പരത്തുന്നതിനു പകരം സമാധാനം പുലര്‍ന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. ക്രിയാത്മകമായ തലത്തിലേക്ക് ദിശ മാറ്റിവിടാന്‍ സാധിച്ചാല്‍ മാത്രമേ കോപം കൊണ്ടു കാര്യമുള്ളൂ’ സാനിയ പ്രതികരിച്ചു.