ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് പാര്‍ലമെന്റ് അംഗങ്ങളും, 199 എംഎല്‍എമാരും സ്വത്ത് വിവരങ്ങള്‍ സമര്പ്പിക്കാത്തവരാണെന്ന് റിപ്പോര്‍ട്ട്. പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ പുറത്തുവിടാത്ത എംഎല്‍എമാരുടെ പട്ടികയില്‍ കേരളമാണ് ഒന്നാമത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ പുറത്തുവിടാത്ത 199 എംഎല്‍എമാരില്‍ 33 പേരും കേരളത്തില്‍നിന്നുള്ളവരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), നാഷണല്‍ ഇലക്ഷന് വാച്ച് (ന്യൂ) എന്നിവരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രാജ്യത്തെ 542 എംപിമാരുടേയും 4,086 എംഎല്‍എമാരുടേയും പാന്‍ വിവരങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഏഴ് എംപിമാര്‍ പാന്‍ വിവരങ്ങള്‍ സമര്‍പ്പിക്കാത്തതും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം പാന്‍ വിശദാംശങ്ങള്‍ റിട്ടേണിംഗ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കണം.
പാന്‍ കാര്‍ഡ് സമര്‍പ്പിക്കാത്ത എംഎല്‍എമാരില്‍ 51 പേര് കോണ്‍ഗ്രസില്‍ നിന്നും 42 പേര് ബിജെപിയില്‍ നിന്നും 25 പേര് സിപിഎമ്മില്‍ നിന്നുമുള്ളവരാണ്. ഇതില്‍ സംസ്ഥാന തലത്തില്‍ പാന്‍ കാര്‍ഡ് സമര്‍പ്പിക്കാത്ത എംഎല്‍എമാര്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. 140 എംഎല്‍എമാരില്‍ 33 പേരും പാന്‍ സമര്‍പ്പിക്കാതെയാണ് മത്സരിച്ചത്. മിസോറാം (28), മധ്യപ്രദേശ് (19) എന്നീ സംസ്ഥാനങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തായി തൊട്ടുപുറകിലുണ്ട്. മിസോറാമിലെ 40 എംഎല്‍എമാരില്‍ 28 പേര് പാന്‍ കാര്‍ഡ് സമര്‍പ്പിച്ചിട്ടില്ല.
ഒഡീഷ, തമിഴ്നാട്, ആസം, മിസോറാം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എംപിമാരാണ് പാന്‍ വിശദാംശങ്ങള്‍ നല്‍കാതെ മത്സരിച്ചത്. ഒഡീഷയില്‍ നിന്ന് രണ്ട് ബിജെഡി എംപിമാരും തമിഴ്നാട്ടില്‍നിന്ന് രണ്ട് എഐഡിഎംകെ എംപിമാരും മറ്റ് സംസ്ഥാനങ്ങളിലെ ഓരോ എംപിമാരും വീതം പാന്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. കൂടാതെ ബിജെഡി (4), ബിജെപി(2), കോണ്‍ഗ്രസ്സ് (2) എന്നീ എംപിമാരുടേയും പാന്‍ വിവരങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Discussion about this post