പട്ന: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് സഹായവുമായി ബീഹാറിലെ ഗോപാല്‍ഗഞ്ച് സബ്ഡിവിഷണല്‍ ജയില്‍ ജീവനക്കാരും തടവുപുള്ളികളും. എല്ലാവരും ചേര്‍ന്ന് ആര്‍മി റിലീഫ് ഫണ്ടിലേക്ക് അമ്പതിനായിരം രൂപ സംഭാവനയായി നല്‍കുകയായിരുന്നു.
ഗോപാല്‍ഗഞ്ച് സബ്ഡിവിഷണല്‍ ജയിലില്‍ ആകെ 750 തടവുപുള്ളികളാണുള്ളത്. അതില്‍ 30 വനിതാ തടവുകാരുമുള്‍പ്പെടുന്നു. ഇവരില്‍ 102 പേര് ക്രിമിനല്‍ കേസിലെ കുറ്റവാളികളാണ്. പുല്‍വാമയിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ തടവുകാര്‍ തന്നെയാണ് ഇവരെ സഹായിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
‘ ഇതൊരു ചെറിയ തുകയായിരിക്കാം, എന്നാല്‍ തടവുകാരില്‍ നിന്നുള്ള ഈ നടപടി അസാധാരണമാം വിധം പ്രശംസിക്കപ്പെടേണ്ടതാണ്.” ജയില്‍ സൂപ്രണ്ട് സന്ദീപ് കുമാര്‍ പറയുന്നു. ജയിലിനുള്ളില്‍ ചെയ്യുന്ന ചെറിയ തൊഴിലുകളില്‍ നിന്ന് മിച്ചം വച്ചാണ് ഇവര്‍ ഈ തുക സമാഹരിച്ചത്.
ഇത്തരത്തില്‍ ഇവര്‍ക്ക് ലഭിക്കുന്ന വരുമാനം ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് ഇവര്‍ക്ക് തന്നെ നല്‍കും. കൃഷി, ചെറിയ കൈത്തൊഴിലുകള്‍ എന്നീ തൊഴിലുകളാണ് ജയിലിനുള്ളിലുള്ളത്. പല തരത്തിലുള്ള പച്ചക്കറികളും പൂക്കളും ജയില്‍ കോമ്പൗണ്ടിനുള്ളില്‍ കൃഷി ചെയ്യുന്നുണ്ട്. മാസം തോറും 3000 മുതല്‍ 3500 രൂപ വരെ ഇതുവഴി സമ്പാദിക്കാനും കഴിയും. തടവുകാരുടെ അക്കൗണ്ടിലേക്കാണ് ഈ പണം എത്തുന്നത്’ അദ്ദേഹം വ്യക്തമാക്കി.
Discussion about this post