എല്ലാ ചൈനീസ് ഉല്‍പന്നങ്ങളും ബഹിഷ്‌ക്കരിക്കണം ശിവസേന എംഎല്‍എ മനീഷ

പാക്കിസ്ഥാന്‍ അനുകൂല നിലപാട് പിന്തുടരുന്നതിനാന്‍ എല്ലാ ചൈനീസ് ഉല്‍പന്നങ്ങളും ബഹിഷ്‌ക്കരിക്കണമെന്നും ശിവസേന ഉന്നയിച്ചു

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരിലെ വിനോദസഞ്ചാരം തടയണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ ശിവസേന എംഎല്‍സിയും രംഗത്ത്. പാക്കിസ്ഥാന്‍ അനുകൂല നിലപാട് പിന്തുടരുന്നതിനാന്‍ എല്ലാ ചൈനീസ് ഉല്‍പന്നങ്ങളും ബഹിഷ്‌ക്കരിക്കണമെന്നും ശിവസേന ഉന്നയിച്ചു.

ജമ്മുകാശ്മീരിലെ ചെറുപ്പക്കാരും വിദ്യാര്‍ഥികളും അടങ്ങുന്നവര്‍ രാജ്യത്തിന്റെ സുരക്ഷാ സൈനികരെ കല്ലെറിയുകയും ഭീകരപ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നതാണ് ശിവസേന എംഎല്‍സിയെ പ്രകോപിപ്പിച്ചത്. മനീഷ കയണ്ടേയാണ് ജമ്മു കാശ്മീരിനും ചൈനയ്ക്കുമെതിരായ നിലപാട് ഉറക്കെ പ്രഖ്യാപിക്കുന്നത്.

ഇന്ത്യന്‍ സൈനികര്‍ക്കുനേരെയുള്ള മനോഭാവം കശ്മീരില്‍ മാറണം. മാറ്റം വരണമെങ്കില്‍ വിനോദസഞ്ചാരികള്‍ അവിടേക്കു പോകരുത്- മനീഷ പറയുന്നു. ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കൊപ്പം ലോകമെങ്ങുനിന്നും ആയിരക്കണക്കിനു സഞ്ചാരികളാണ് ദിവസവും കാശ്മീരില്‍ സന്ദര്‍ശനത്തിനെത്തുന്നത്.

ടൂറിസമാണ് സംസ്ഥാനത്തെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗവും. സഞ്ചാരികള്‍ സംസ്ഥാനത്തെ കൈവിടുകയും വരുമാനം ഇല്ലാതാകുകയും ചെയ്താല്‍ ഇന്ത്യന്‍ സൈന്യത്തിന് എതിരെനില്‍ക്കുന്ന പ്രദേശവാസികള്‍ ഒരുപാഠം പഠിക്കുമെന്നാണ് എംഎല്‍സി മനീഷയുടെ നിലപാട്.

അടുത്ത രണ്ടുവര്‍ഷത്തേക്ക് എല്ലാവരും കാശ്മീര്‍ ഉപേക്ഷിക്കണമെന്നും മനീഷ പറയുന്നു. സംഘര്‍ഷമുണ്ടാകുമ്പോഴെല്ലാം ഇന്ത്യന്‍ സൈന്യത്തെ കല്ലെറിയുന്നതാണ് പല കാശ്മീരികളുടെയും നിലപാടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യമാണെങ്കിലും പാക്കിസ്ഥാനെ അനുകൂലിക്കുന്ന സമീപനമാണ് ചൈന പുലര്‍ത്തുന്നത്. അതുകൊണ്ട് ചൈനീസ് ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Exit mobile version