വഡോദര: പുല്‍വാമ ഭീകരാക്രമണം നടന്നതിനു പിന്നാലെ രാജ്യത്ത് ദേശവികാരം ഉണര്‍ന്ന് കഴിഞ്ഞു. ഇതിനു പിന്നാലെ അവയെല്ലാം വോട്ടാക്കി മാറ്റണമെന്ന നിര്‍ദേശം അണികള്‍ക്ക് നല്‍കിയിരിക്കുകയാണ് ഗുജറാത്തിലെ ബിജെപി നേതാവും പാര്‍ട്ടി വക്താവുമായ ഭാരത് പാണ്ഡ്യ. വഡോദരയില്‍ ബിജെപിയുടെ ബൂത്ത് ലെവല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജമ്മുകാശ്മീരില്‍ സംഭവിച്ച ആക്രമണം… നിങ്ങള്‍ ദൃശ്യങ്ങള്‍ കാണണം. എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് ദേശീയതയെന്ന വികാരത്തില്‍ ആളുകള്‍ ഒരുമിക്കുകയാണ്. റാലികളിലൂടെയും പ്രതിഷേധങ്ങളിലൂടെയും ജനങ്ങള്‍ രാജ്യത്തോടുള്ള അവരുടെ സ്നേഹം പ്രകടിപ്പിക്കുകയാണ്. മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ കാലത്ത് മുംബൈയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ എന്തുതരം അന്തരീക്ഷമാണ് അന്നുണ്ടായിരുന്നത് പാര്‍ലമെന്റില്‍ എന്തുതരം പ്രശ്നങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത് പ്രദേശവാസികള്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്തുനല്‍കുന്നുണ്ടെങ്കില്‍ അവരെയും സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റു ചെയ്ത് അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നായിരുന്നു ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍.
പക്ഷേ ഇന്ന് സ്ഥിതി വളരെ വ്യത്യസ്തമാണ്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ നടപടികള്‍ ഇതിനകം കൈക്കൊണ്ടുകഴിഞ്ഞു. പാകിസ്താനെതിരെ എന്തു നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് കാണാന്‍ രാത്രി വൈകിയും രാജ്യത്തെ പൗരന്മാര്‍ ഉണര്‍ന്നിരിക്കുകയാണ്. ഇതാണ് രാജ്യത്തെ ഇപ്പോഴത്തെ വികാരം. ദേശീയതയെന്ന വികാരത്തോടെ രാജ്യം മുഴുവന്‍ ഐക്യത്തോടെ ഒരുമിച്ച് നില്‍ക്കുകയാണ്. ഈ ഐക്യത്തെ വോട്ടാക്കിമാറ്റുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണ്. ‘ അദ്ദേഹം പറയുന്നു.