ബംഗളൂരു: മൂത്തമകനെ നഷ്ടപ്പെട്ടതിന്റെ വേദനയും ദുഃഖവും കടിച്ചമര്‍ത്തി തനിയ്ക്ക് ഒരു മകന് കൂടിയുണ്ടെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ചിക്കൊലമ്മ. എനിക്കൊരു മകന് കൂടിയുണ്ട്. ദയവുചെയ്ത് അവനെക്കൂടി സൈന്യത്തിലെടുക്കുക. കേന്ദ്രസര്‍ക്കാരിനോട് എനിക്കുള്ള അപേക്ഷ ഇതുമാത്രമാണ്. രാജ്യത്തിനുവേണ്ടി രണ്ടാമത്തെ മകനെയും ഞാനിതാ സമര്‍പ്പിക്കുന്നു. ചിക്കൊലമ്മ പറയുന്നു.
കര്‍ണാകടയില്‍ മണ്ഡ്യയ്ക്കടുത്ത് മെല്ലഹള്ളി സ്വദേശിയാണ് ഇവര്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ മൂത്തമകനെയാണ് ഈ അമ്മയ്ക്ക് നഷ്ടപ്പെട്ടത്. എച്ച് ഗുരു എന്നായിരുന്നു ചിക്കൊലമ്മയുടെയും ഹൊന്നയ്യയുടെയും മകന്റെ പേര്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരില്‍ ഒരാളാണ് ഗുരു. നൂറുകണക്കിനു പേരാണ് ഗുരുവിന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. സമാധിസ്ഥലത്തെത്തുന്നവര്‍ പ്രാര്‍ത്ഥിക്കുന്നതിനു പുറമെ ചിതാഭസ്മവും ശേഖരിക്കുന്നുണ്ട്. കാവേരിയില്‍ നിമജ്ജനം ചെയ്യാനാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്.
രാജ്യത്തിനുവേണ്ടി ജീവന് ത്യജിച്ച മകനെയോര്‍ത്ത് എനിക്ക് അഭിമാനം മാത്രമേയുള്ളൂ… മാധ്യമപ്രവര്‍ത്തകരോട് ഗുരുവിന്റെ അമ്മ പറഞ്ഞു. അതിനിടെ, ഗുരുവിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യുകയാണെന്ന് നടി സുമലത. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. കുടുംബത്തിന് ഒരു അലക്കുകടയാണ് ഉണ്ടായിരുന്നത്. സ്വന്തമായി അവര്‍ക്കു ഭൂമിയുമില്ല. ഗുരുവിന്റെ സംസ്കാരം നടത്താനും കുടുംബത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇതറിഞ്ഞപ്പോഴാണ് രാജ്യത്തിനുവേണ്ടി ജീവന് സമര്‍പ്പിച്ച സൈനികന്റെ കുടുംബത്തിന് ഭൂമി നല്കാന് തയാറായതെന്ന് സുമലത അറിയിച്ചത്.
മകന് അഭിഷേകിനൊപ്പം ഇപ്പോള്‍ മലേഷ്യയിലാണ് സുമലത. അവിടെനിന്ന് ഒരു വിഡിയോസന്ദേശത്തിലൂടെയാണ് തീരുമാനം അവര്‍ അറിയിച്ചതും. കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലുമാണ് താന്‍ ഭൂമി ദാനം ചെയ്യുന്നതെന്നും സുമതല അറിയിച്ചു. ജലസേചന സൗകര്യമുള്ള ഭൂമിയാണ് സുമലത ഗുരുവിന്റെ കുടുംബത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്.
Discussion about this post