ന്യൂഡല്‍ഹി: ഇംപ്രൊവാസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസ് (ഐഇഡി) പൊട്ടിക്കാന്‍ മുന്നറിയിപ്പു നല്‍കുന്ന അലാമുകളും വാഹനങ്ങളില്‍ ഉപയോഗിക്കുന്ന റിമോട്ട് കീയും കാശ്മീരിലെ തീവ്രവാദികള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ആക്രമണം ഭീകരര്‍ നടത്തിയത് ഇങ്ങനെയാകാം എന്നാണ് സംശയിക്കുന്നത്.
വിദൂരനിയന്ത്രണ സംവിധാനമോ (റിമോട്ട് കണ്‍ട്രോള്‍) സമയനിയന്ത്രണ സംവിധാനമോ (ടൈമര്‍) ഉപയോഗിച്ചു പൊട്ടിക്കാവുന്ന നാടന്‍ ബോംബാണ് ഐഇഡി. അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കളുപയോഗിച്ച് തദ്ദേശീയമായാണ് ഇവ നിര്‍മ്മിക്കുന്നത്. മുറിവേല്‍പ്പിക്കാന്‍ കഴിയുന്ന മൂര്‍ച്ചയേറിയ വസ്തുക്കള്‍ നിറച്ച് ഇവയുടെ പ്രഹരശേഷി കൂട്ടാനാകും. സാധാരണ നാടന്‍ ബോംബുകള്‍ എറിഞ്ഞുപൊട്ടിക്കുകയാണ് ചെയ്യുക. എന്നാല്‍, ഐഇഡി സ്ഥാപിച്ചശേഷം ദൂരെ നിന്നു പൊട്ടിക്കാന്‍ കഴിയും.
ഇങ്ങനെ പൊട്ടിക്കാനായി മൊബൈല്‍ ഫോണ്‍, വോക്കിടോക്കി, മോഷണത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന ഉപകരണങ്ങള്‍ എന്നിവയാണ് കഴിഞ്ഞവര്‍ഷം മുതല്‍ ഭീകരര്‍ ഉപയോഗിക്കുന്നതെന്ന് അന്വേഷണ-സുരക്ഷാ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.
വാഹനങ്ങളില്‍ ഐഇഡികള്‍ സ്ഥാപിച്ചശേഷം ഇവ ഉപയോഗിച്ച് പൊട്ടിക്കുകയാണ് ചെയ്യുന്നത്. മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിപണിയില്‍ എളുപ്പത്തില്‍ ലഭിക്കും എന്നതും സേനകളുമായി നേരിട്ട് ഏറ്റുമുട്ടാതെ അവരെ ആക്രമിക്കാമെന്നതുമാണ് ഇതിന്റെ ആകര്‍ഷണം. കൂടുതല്‍ ആള്‍നാശം ഉണ്ടാക്കുകയും ചെയ്യാം.
നക്‌സലുകളാണ് സാധാരണ ഐഇഡികള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ വരുംകാലങ്ങളില്‍ ജമ്മുകാശ്മീരിലെ ഭീകരര്‍ ഈ രീതി കൂടുതലായി സ്വീകരിക്കാനിടയുണ്ടെന്നും സുരക്ഷാസേനകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
Discussion about this post