കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തീവ്രവാദി ആക്രമണം ഉണ്ടായതില്‍ സംശയുമണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. അക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സംശയങ്ങള്‍ പ്രകടിപ്പിച്ചാണ് മമത രംഗത്ത് വന്നിരിക്കുന്നത്.
ആക്രമണം നടക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് കിട്ടിയിട്ടും സിആര്‍പിഎഫ് ജവാന്‍മാരുടെ കോണ്‍വോയ് വാഹനങ്ങള്‍ വേണ്ടത്ര പരിശോധനകളില്ലാതെ എന്തിന് കടത്തി വിട്ടുവെന്ന് മമത ചോദിച്ചു. പാകിസ്ഥാന്‍ തുടര്‍ന്നു വരുന്ന ആക്രമണങ്ങള്‍ ചെറുക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ല. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ നിഴല്‍യുദ്ധം നടത്താനാണോ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ സമുദായ സംഘര്‍ഷങ്ങളുണ്ടാക്കാനുള്ള ശ്രമം പലയിടത്തും നടക്കുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. അത്തരമെന്തെങ്കിലും നീക്കമുണ്ടായാല്‍ ശക്തമായി അടിച്ചമര്‍ത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്നും മമത അറിയിച്ചു.
അക്രമത്തിന് പിന്നാലെ അതീവ സുരക്ഷാ പിഴവ് കാരണമാണ് പുല്‍വാമയില്‍ 40 ജവാന്മാര്‍ കൊല്ലപ്പെടാന്‍ ഇടയായതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്റലിജന്‍സ് വീഴ്ചയും സേനയുടെ ലാഘവത്തോടെയുള്ള പെരുമാറ്റവുമാണ് ആക്രണത്തിന് വഴിയൊരുക്കിയതെന്നാണ് ആക്ഷേപം.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ നല്‍കിയില്ലെന്നും തങ്ങളെ ഹെലികോപ്റ്ററില്‍ കൊണ്ടുപോകണം എന്നുള്ള ആവശ്യം മേലധികാരികള്‍ അവഗണിച്ചുവെന്നും കഴിഞ്ഞ ദിവസം ഒരു സിആര്‍പിഎഫ് ജവാന്‍ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ സംശയം പ്രകടിപ്പിച്ച് മമത രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post