അലിഗഡ്: റിപ്പബ്ലിക് ടിവി പ്രതിനിധികളെ ക്യാമ്പസില്‍ തടയുന്നതിനിടെ രാജ്യദ്രോഹ മുദ്രാവാക്യങ്ങളുയര്ത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് പോലീസ്. സംഭവത്തില്‍ മതിയായ തെളിവുകളില്ലാത്തതിനാലാണിത്.
40 വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അലിഗഡ് മുസ്ലിം സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു.
’40 ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവിടെ ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.എന്നാല്‍ എഫ്ഐആറില്‍ പറഞ്ഞിരിക്കുന്ന മറ്റ് കാര്യങ്ങള്‍ അന്വേഷിക്കുകയാണ് പോലീസ് ഇപ്പോള്‍’- അലിഗഡ് അഡീഷണല്‍ എസ്പി അശുതോഷ് ദ്വിവേദി പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ക്യാമ്പസില്‍ രാഷ്ട്രീയ നേതാവ് അസദുദ്ദീന്‍ ഒവൈസി വരാനിരിക്കെ റിപ്പബ്ലിക് ടിവി മാധ്യമപ്രവര്‍ത്തകയെ ക്യാമ്പസില്‍ തടഞ്ഞ സംഭവത്തിനിടെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് യുവമോര്‍ച്ചാ നേതാവ് നല്കിയ പരാതിയിലായിരുന്നു പോലീസ് രാജ്യദ്രോഹക്കേസ് എടുത്തത്.
അലിഗഢിനെ ‘തീവ്രവാദികളുടെ സര്‍വകലാശാല’ എന്ന് റിപ്പബ്ലിക്ക് വിശേഷിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണം നളിനി ശര്‍മ്മ നിഷേധിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തക തങ്ങളെ അപമാനിക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും സര്‍വകലാശാലയെ ദേശദ്രോഹ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി യൂണിയന് നേതാവ് സല്മാന് ഇംതിയാസ് പറഞ്ഞിരുന്നു.
Discussion about this post