ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങള്‍ സന്തോഷിക്കുന്നില്ലെന്ന് പുല്‍വാമ ആക്രമണം നടത്തിയ ഭീകരന് ആദില്‍ അഹമ്മദ് ദറിന്റെ പിതാവ് ഗുലാം ഹസന് ദര്. വര്‍ഷങ്ങളായി സംഘര്‍ഷങ്ങള്‍ അഭിമുഖീകരിക്കുന്ന തങ്ങള്‍ക്ക് ജവാന്മാരുടെ കുടുംബങ്ങളുടെ വേദന മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പക്കാര്‍ക്ക് ഒരു സന്ദേശവും നല്കാനില്ല. യുവാക്കള്‍ ഇത്തരം മാര്‍ഗങ്ങളിലേക്ക് നീങ്ങുന്നത് അവസാനിപ്പിക്കാനാവണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനോട് ഒരു അഭ്യര്ഥനയുണ്ട്. ഈ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദില്‍ വീട്ടില്‍ നിന്നും അപ്രത്യക്ഷനായ ശേഷം കണ്ടെത്താന്‍ കുടുംബം പലതവണ ശ്രമിച്ചുവെന്ന് ബന്ധുവായ ഉമര്‍ ആദില്‍ പറഞ്ഞു. എന്നാല്‍ എല്ലാം പരാജയപ്പെട്ടു. അവന് ഒരിക്കലും മടങ്ങിവന്നില്ല. ഒരിക്കല്‍ വീട്ടിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് ഭീകരസംഘടനയില്‍ ചേര്‍ന്നതായി അറിയുന്നത്. തങ്ങള്‍ എല്ലാ വഴികളും നോക്കി. സാമൂഹികമാധ്യമങ്ങളിലൂടെ തിരിച്ചുവരാന്‍ അപേക്ഷിച്ചു. എന്നാല്‍ ഒന്നിനും പ്രതികരണം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.