മുംബൈ: നഗരത്തില്‍ ഗതാഗതകുരുക്ക് മൂലം അവയവദാന ദൗത്യത്തിന് പങ്കാളിയായി മുംബൈയുടെ ലോക്കല്‍ ട്രെയിന്‍. മസ്തിഷ്‌ക മരണം സംഭവിച്ച 53 വയസ്സുകാരന്റെ കരള്‍ താനെയിലെ ജുപിറ്റര്‍ ഹോസ്പിറ്റലില്‍ നിന്നും ദാദറിന് സമീപമുള്ള പരേല്‍ ഗ്ലോബല്‍ ഹോസ്പിറ്റലിലെ രോഗിക്ക് എത്തിക്കേണ്ട ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
നഗരത്തിലെ തിരക്കേറിയ റോഡുകളിലെ ഗതാഗതകുരുക്ക് ശക്തമായതോടെയാണ് ദൗത്യം ട്രെയിനിനെ ഏല്‍പ്പിച്ചത്. ഏകദേശം 30 കിലോമീറ്റര്‍ 38 മിനുറ്റ് കൊണ്ട് താണ്ടിയാണ് പരേല്‍ ഗ്ലോബല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കരള്‍ എത്തിക്കുവാന്‍ കഴിഞ്ഞത്. ട്രാഫിക് പോലീസിന്റെയും താനെ, ദാദര്‍ റെയില്‍വേ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെയും സഹകരണമാണ് ദൗത്യം സഫലമാക്കിയത്.
തിരക്കേറിയ സമയത്ത് പ്രത്യേക കംപാര്‍ട്‌മെന്റില്‍ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ടീം കരളുമായി ദാദര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പുറത്ത് മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്‌സും, റെയില്‍വേ സുരക്ഷാ സേനയും റെഡിയായി നില്‍ക്കുന്നുണ്ടായിരുന്നു. ഇവരുടെ സഹായത്തോടെ ഒട്ടും സമയം പാഴാക്കാതെ ആശുപത്രിയില്‍ എത്തിക്കേണ്ട ജോലിയും എളുപ്പമായി. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ഉല്ലാസനഗറര്‍ നിവാസിയാണ് അവയവദാനത്തിലൂടെ മറ്റൊരാള്‍ക്ക് ജീവന്‍ പകുത്തു നല്‍കിയത്.