മനാമ: കേരളത്തെ ആളിക്കത്തിച്ച് ശബരിമല വിഷയം പ്രശ്നത്തിലേക്ക് തള്ളിവിട്ടത് സംഘപരിവാറാണെന്ന് ഡിഎംകെ നേതാവ് എംകെ കനിമൊഴി. വിധിയില്‍ മുതലെടുപ്പ് നടത്താനാണ് സംഘപരിവാര്‍ ശ്രമിച്ചതെന്നും കനിമൊഴി പറഞ്ഞു. ബഹ്റൈനില്‍ തമിഴ് സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു കനിമൊഴി.
കേരളം എല്ലായ്പ്പോഴും ഒരു പുരോഗമന സംസ്ഥാനമാണ്. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് രാഷ്ട്രീയമോ അല്ലാത്തതോ ആയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതാണെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും കനിമൊഴി പറഞ്ഞു.
ജാതി, ലിംഗം, വംശം, നിറം എന്നിവയുടെ പേരില്‍ ആര്‍ക്കും ഒരിടത്തും പ്രവേശനം നിഷേധിക്കരുത്. ആരാധനാലയമോ പാര്‍ലമെന്റോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ എവിടെയായാലും വ്യത്യാസങ്ങളുടെ പേരില്‍ ഒരാളെയും തടയാനാകില്ല. ഒരേ വിശ്വാസം പുലര്‍ത്തുമ്പോഴും സ്ത്രീയാണെന്ന ഒറ്റ കാരണത്താല്‍ ആരാധനാലയത്തില്‍ പ്രവേശനം നിഷേധിക്കുന്നത് ശരിയല്ലെന്നും കനിമൊഴി പറഞ്ഞു.
ബിജെപി ഇപ്പോള്‍ കൂടുതല്‍ ആര്‍എസ്എസിന്റെ പിടിയിലമര്‍ന്നിരിക്കുകയാണെന്നും വിയോജിക്കുന്നവരെയും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെയും ഒതുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കനിമൊഴി പറഞ്ഞു.
Discussion about this post