അറിയാളൂര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവന് വെടിഞ്ഞ ജവാന്മാര്ക്കായി രാജ്യം മുഴുവന്‍ ശബ്ദം ഉയര്‍ത്തികൊണ്ടിരിക്കുകയാണ്. ജവാന്മാരുടെ മൃതദേഹം അവരുടെ ജന്മാനാട്ടില് എത്തിച്ചതോടെ നാലുപാടു നിന്നും കണ്ണിനെ ഈറനണിയിക്കുന്നതും, നെഞ്ച് തുളയ്ക്കുന്നതുമായ റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അതിലേയ്ക്ക് ചേര്‍ത്തുവെയ്ക്കാന്‍ മറ്റൊന്നു കൂടി.
പിതാവിന്റെ സൈനിക യൂണിഫോം അണിഞ്ഞ് മൃതദേഹത്തില്‍ അന്ത്യചുംബനം നല്കുന്ന രണ്ടുവയസുകാരന്റെ ചിത്രമാണ് ഉള്ളം തകര്‍ക്കുന്നത്. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി സി ശിവചന്ദ്രന്റെ രണ്ടു വയസുകാരന് മകന് ശിവമുനിയനാണ് വീര സൈനികന് ആദരാജ്ഞലി അര്പ്പിക്കാനെത്തിയവര്ക്കു മുന്നില്‍ കണ്ണീര്‍ക്കാഴ്ചയായി മാറിയത്.
പിതാവിന്റെ യൂണിഫോം അണിഞ്ഞ് അമ്മയുടെ കൈപിടിച്ചാണ് ശിവമുനിയന് പിതാവിന്റെ മൃതദേഹം അടങ്ങിയ പേടകത്തില്‍ അന്ത്യചുംബനം നല്‍കിയത്. ശിവചന്ദ്രന്റെ ഭാര്യ ഗാന്ധിമതി ഗര്‍ഭിണിയാണ്. അവധിക്കുശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ശിവചന്ദ്രന് നാട്ടില്‍നിന്ന് ജമ്മു കാശ്മീരിലേക്കു മടങ്ങിയത്. അവധിക്കാലത്ത് ശിവചന്ദ്രന് ശബരിമല സന്ദര്‍ശനത്തിന് എത്തിയിരുന്നു. ബിരുദാന്തര ബിരുദവും ബിഎഡ് ഡിഗ്രിയുമുള്ള ശിവചന്ദ്രന് സിആര്‍പിഎഫില്‍ ചേരുന്നതിനു മുന്‍പ് പ്രദേശത്തെ സ്കൂളില്‍ അധ്യാപകനായിരുന്നു. 2010-ലാണ് ഇദ്ദേഹം സിആര്‍പിഎഫില്‍ ചേരുന്നത്.
Discussion about this post