സുഷമാ സ്വരാജിന്റെ അപ്രതീക്ഷിത ഇറാന്‍ സന്ദര്‍ശനം; പാകിസ്താനെതിരെ നയതന്ത്രനീക്കം ശക്തമാക്കി ഇന്ത്യ; തീവ്രവാദശക്തികളെ തുടച്ചുനീക്കാന്‍ ഒരുങ്ങി ഇന്ത്യയും ഇറാനും!

ഇറാന്‍ വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടികാഴ്ചയില്‍ തീവ്രവാദശക്തികളെ തുടച്ചുനീക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനം ഇറാനില്‍ നിന്നുണ്ടായി.

ടെഹ്‌റാന്‍: ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. ബള്‍ഗേറിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായി സുഷമ ഇറാനില്‍ ഇറങ്ങിയത്. ഇറാന്‍ വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടികാഴ്ചയില്‍ തീവ്രവാദശക്തികളെ തുടച്ചുനീക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനം ഇറാനില്‍ നിന്നുണ്ടായി.

ബുധനാഴ്ച്ച തെക്കുകിഴക്കന്‍ ഇറാനിലുണ്ടായ ചാവേറാക്രമണത്തില്‍ ഇറാന്‍ സൈന്യത്തിന്റെ ഭാഗമായ റവല്യൂഷണറി ഗാര്‍ഡിലെ 27 ഭടന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളാണെന്നും തീവ്രവാദികളെ തുണയ്ക്കുന്ന നിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്താന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ തുറന്നടിച്ചിരുന്നു.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനെതിരെ നിലപാട് കടുപ്പിച്ചപ്പോഴാണ് സമാനമായ അവസ്ഥയില്‍ ഇറാനും പാക്കിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തേക്ക് വന്നത്. ഇതിന് പിന്നാലെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇറാനിലെത്തിയിരിക്കുന്നത്.

സുഷമയെ സ്വാഗതം ചെയ്ത ഇറാന്‍ വിദേശകാര്യസഹമന്ത്രി സയ്യീദ് അബ്ബാസ് അര്‍ഗാച്ചി ഇന്ത്യയും ഇറാനും തീവ്രവാദത്തിന്റെ ഇരകളാണെന്ന് ട്വിറ്റില്‍ കുറിച്ചു.
ഇന്ത്യയുടെ സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ കാശ്മീരിലെ പുല്‍വാമയിലുണ്ടായതിന് സമാനമായ ആക്രമണമാണ് ഇറാന്‍ സൈന്യത്തിന് നേരേ ബുധനാഴ്ച്ച ഉണ്ടായത്. ഗാര്‍ഡുകള്‍ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ചാവേര്‍ ആക്രമണം നടന്നത്.

Exit mobile version