കൊല്‍ക്കത്ത: കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് കത്തിച്ച മെഴുക് തിരിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. കൊല്‍ക്കത്തയിലെ ഹസ്‌ര ക്രോസിംഗില്‍ നിന്നും മേയോ റോഡ് ഏരിയയിലെ ഗാന്ധി പ്രതിമയുടെ അടുത്തേക്കായിരുന്നു മാര്‍ച്ച്.
ഗാന്ധി പ്രതിമയുടെ അടുത്ത് അവസാനിച്ച മാര്‍ച്ചിന് പിന്നാലെ സൈനികര്‍ക്ക് മമതാ ബാനര്‍ജി ആദരം അര്‍പ്പിച്ചു. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 ജവാന്മാരുടെയും പേരഴുതിയ പോസ്റ്ററും ദേശീയ പതാകയുമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.
തീവ്രവാദികള്‍ക്ക് മതവും ജാതിയും ഇല്ലെന്നും. രാജ്യം അവരുടെ ധീരരായ പട്ടാളക്കാരുടെ കീഴില്‍ ഒന്നിച്ച് നില്‍ക്കുന്നതായും മമതാ പറഞ്ഞു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആര്‍പിഎഫ് കോണ്‍വോയ്ക്ക് നടന്ന ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് മരിച്ചത്. പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നില്‍.