ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫിന്റെ എച്ച്ആര്‍ 49 എഫ് 0637 ബസ് തകര്‍ന്നുതരിപ്പണമായ കാഴ്ച ഏവരുടെയും ഉള്ളം പൊള്ളിക്കുന്നതാണ്. എന്നാല്‍ ആ ബസില്‍ തന്നെയുണ്ടായ രണ്ട് പേരുടെ അതിജീവനം ആണ് ഇന്ന് അത്ഭുതകരമാണ്. നിരീക്ഷണത്തിനായി ബസിന്റെ മുകളില്‍ ഇരുന്നവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഈ ബസിലെ 42 ജവാന്മാരില്‍ 39 പേരാണ് തത്ക്ഷണം മരിച്ചത്. എന്നാല്‍ ഏഴ് പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ ബാക്കിയുള്ളവര്‍ തൊട്ടടുത്ത ബസിലുണ്ടായിരുന്നവരാണ്. പരിക്കുകളോടെ രക്ഷപ്പെട്ടവരില്‍ 92 ബറ്റാലിയനില്‍പ്പെട്ട നിരഞ്ജന്‍കുമാര്‍, അവ്ദേഷ് സിങ് തോമര്‍, അവ്ദേഷ് കുമാര്‍, 54 ബറ്റാലിയനിലെ ശേഷാന്ത് സിങ്, 35 ബറ്റാലിയനിലെ രവികുമാര്‍ ബപോറിയ എന്നിവര്‍ ശ്രീനഗറിലെ സൈനികാശുപത്രിയില്‍ ചികിത്സയിലാണ്.
ഭീകരന്‍ ആദില്‍ അഹമ്മദ് ദര്‍ സ്‌ഫോടകവസ്തുവുമായി ഓടിച്ചുവന്ന കാര്‍ സൈനികവാഹനത്തിലേക്ക് നേര്‍ക്കുനേര്‍ ഇടിച്ചുകയറ്റുകയായിരുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കോണ്‍വോയ് ആയി നീങ്ങിയ 78 ബസുകളിലൊന്നിന്റെ ഇടതുവശത്തുകൂടി മറികടന്ന് ബസിന്റെ വശത്ത് ചെന്ന് ഇടിക്കുകയായിരുന്നു എന്നാണ് പുതിയവിവരം.