ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 ജവാന്മാരുടെ ജീവന് പകരംചോദിക്കുന്നത് ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കുമെന്ന് സൂചന. ഒരിക്കല്‍ പരീക്ഷിച്ച മിന്നലാക്രമണം (സര്‍ജിക്കല്‍ സ്ട്രൈക്ക്) ആവര്‍ത്തിക്കുന്നത് ആത്മഹത്യാപരമാകുമെന്ന കണക്കുകൂട്ടലിലാണിത്.
അതേസമയം, ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പാക് സൈന്യവും ഭരണകൂടവും ജാഗ്രതയിലാണ്. അതിര്‍ത്തി ലംഘിക്കുന്നത് യുദ്ധത്തിലേക്കടക്കം നയിക്കുമെന്നതിനാല്‍ അക്കാര്യത്തിലും കരുതലോടെ നീങ്ങാനാണ് സൈനിക തീരുമാനം. ആണവായുധങ്ങള്‍ ഇന്ത്യ ഉപയോഗിച്ചില്ലെങ്കിലും പാകിസ്താന് ഉപയോഗിച്ചേക്കുമെന്നതിനാല്‍ അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണകൂടി ആര്‍ജിച്ച ശേഷമാവും കൂടുതല്‍ നീക്കം.
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്കാന് സേനയ്ക്ക് കേന്ദ്രം അനുവാദം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ നടന്ന യോഗത്തില്‍, തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും സ്വഭാവവും സംബന്ധിച്ച് തീരുമാനിക്കാന്‍ സൈനികമേധാവിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വാതന്ത്ര്യം അനുമതി നല്‍കിയിരുന്നു.
അന്താരാഷ്ട്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ കരുനീക്കങ്ങളിലാണ് കേന്ദ്രഭരണകൂടം. ഭീകരര്‍ക്ക് സഹായം നല്‍കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് അമേരിക്ക, ഇറാന്, ഖത്തര്‍, തുടങ്ങിയ ലോകരാജ്യങ്ങള്‍ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ 48 രാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചു. നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തിയ ശേഷമാവും ഇന്ത്യയുടെ പഴുതടച്ചനീക്കമെന്നാണ് വിലയിരുത്തല്‍.
Discussion about this post