പുല്‍വാമ: പുല്‍വാമയിലെ അവന്തിപോറിലുണ്ടായ ഭീകരാക്രമണത്തില്‍ ജവാന്മാര് കൊല്ലപ്പെടാന്‍ കാരണം സുരക്ഷാവീഴ്ച തന്നെയെന്ന് വെളിപ്പെടുത്തി ജവാന്. തങ്ങളെ വിമാനമാര്‍ഗം കൊണ്ടുപോകാന്‍ അഭ്യര്‍ഥിച്ചിരുന്നതായും എന്നാല്‍ ആ അഭ്യര്‍ത്ഥന അവഗണിക്കപ്പെട്ടുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സിആര്‍പിഎഫ് ജവാന് ദേശീയ വാര്‍ത്താ വെബ്സൈറ്റായ ‘ദ ക്വിന്റി’നോട് വെളിപ്പെടുത്തി. പുല്‍വാമയില്‍ ഉണ്ടായത് സുരക്ഷാവീഴ്ചയാണെന്നു മുന്‍ സിആര്‍പിഎഫ് ഐജി പിഎസ്. പന്‍വാര്‍ പറഞ്ഞതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ മുന്നറിയിപ്പ് അവഗണിച്ചതായും സൈനികന് പറയുന്നു.
‘കശ്മീര്‍ താഴ്വരയില് ഞങ്ങളുടെ സുരക്ഷ ആശങ്കയിലാണ്. ജമ്മുവിനും കശ്മീരിനുമിടയില്‍ യാത്ര വളരെ അപകടകരമാണ്. എന്തുകൊണ്ടാണ് സിആര്‍പിഎഫ് ജവാന്മാരെ വ്യോമമാര്‍ഗം കൊണ്ടുപോകാതിരുന്നത്? ബുള്ളറ്റ് പ്രൂഫ് ബസുകളെങ്കിലും ഉപയോഗിക്കാമായിരുന്നു. 78 വാഹനങ്ങളുടെ നീണ്ട നിരയും ഭീകരവാദികളെ പിന്തുണച്ചുവെന്ന് വേണം കരുതാന്‍. സിവില്‍ വാഹനങ്ങളും ആ സമയം റോഡില്‍ ഉണ്ടായിരുന്നു.’ സിആര്‍പിഎഫ് ജവാന് പറഞ്ഞു.
‘വ്യോമമാര്‍ഗം ജവാന്മാരെ എത്തിക്കണമെന്ന ആവശ്യം ഈയാഴ്ച ആദ്യം സിആര്‍പിഎഫ് ആഭ്യന്തരവകുപ്പിനോട് ഉന്നയിച്ചെങ്കിലും അവഗണിക്കപ്പെട്ടു. ഒരു മറുപടിയും ലഭിച്ചില്ല. ഹിമപാതത്തില്‍ റോഡ് തടസ്സപ്പെട്ട് നിരവധി ജവാന്മാര് ദിവസങ്ങളായി ജമ്മുവില്‍ കുടുങ്ങി. ഫെബ്രുവരി നാലിന് വാഹനവ്യൂഹം പോയതിന് ശേഷം സൈനിക നീക്കം ഉണ്ടായില്ല. പിന്നീട് 14നാണ് വാഹനങ്ങള്‍ പുറപ്പെട്ടത്. അതിനു നേരെയാണ് ചവേറാക്രമണമുണ്ടായത്. ആകാശമാര്‍ഗം സൈനികരെ എത്തിക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ല.’ ജവാന് പറയുന്നതിങ്ങനെ.
Discussion about this post