രാജ്യത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന്! മകളുടെ ആഢംബര വിവാഹാഘോഷങ്ങള്‍ ഒഴിവാക്കി; 16 ലക്ഷം രൂപ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് നല്‍കി ബിസിനസുകാരന്‍

സൂറത്ത്: മകളുടെ ആഢംബര വിവാഹാഘോഷങ്ങള്‍ ഒഴിവാക്കി, പുല്‍വാമയില്‍ വീര ചരമമടഞ്ഞ സൈനികരുടെ കുടുംബത്തിന് സഹായഹസ്തവുമായി ബിസിനസുകാരന്‍. സൂറത്തിലെ വജ്രവ്യാപാരിയായ ദീവാഷി മനേക്കാണ് നന്മ മനസ്സുകൊണ്ട് മാതൃകയാവുന്നത്.

ഫെബ്രുവരി 15ന് ആയിരുന്നു ദീവാഷി മനേക്കിന്റെ മകള്‍ ആമിയുടെ വിവാഹം. വിവാഹശേഷം ആഢംബരമായ വിവാഹസല്‍ക്കാരവും ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തലേദിവസമായ ഫെബ്രുവരി 14ന് രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിന്റെ വീരപുത്രന്മാര്‍ ജീവന്‍ ത്യജിച്ചു. ഇതോടെ വിവാഹ ആഘോഷങ്ങള്‍ ഉപേക്ഷിക്കാനും രാജ്യത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനും തീരുമാനിക്കുകയായിരുന്നു.

വിവാഹസല്‍ക്കാരത്തിനായി കരുതിയിരുന്ന 11 ലക്ഷം രൂപ വീരമൃത്യു വരിച്ചവരുടെ കുടുംബത്തിനായി സംഭാവന ചെയ്തു. ഇതോടൊപ്പം ജവാന്മാരുടെ കുടുംബത്തിന് വേണ്ടി പ്രവൃത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കി.

മനേക്കിന്റെ തീരുമാനത്തിനു വളരെയേറെ പിന്തുണയാണു ലഭിക്കുന്നത്. അദ്ദേഹത്തിന്റെ നന്മ മനസ്സിനെ പ്രകീര്‍ത്തിക്കുകയാണ് സൈബര്‍ലോകം. കൂടാതെ അമിതാഭ് ബച്ചനും വീരേന്ദര്‍ സെവാഗും ജവാന്മാരുടെ കുടുംബത്തിന് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു.

Exit mobile version