പാറ്റ്‌ന: മുസാഫര്‍പുരിലെ സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മുസാഫര്‍പുരിലെ പ്രത്യേക പോക്‌സോ കോടതിയാണ് നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
മുസാഫര്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര സിംഗ്, സാമൂഹികക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്‍ പ്രസാദ് എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് പോക്‌സോ കോടതി ജഡ്ജി മനോജ് കുമാര്‍ ഉത്തരവിട്ടു.
ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ പ്രതിയായ അശ്വനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. വ്യാജ ഡോക്ടറായ അശ്വനിയാണ് പീഡനത്തിനു മുമ്പായി പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് കുത്തിവച്ചിരുന്നത്.
നേരത്തെ പീഡനക്കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിന് നിതീഷ് കുമാര്‍ സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസിന്റെ വിചാരണ മുസാഫര്‍പുരില്‍ നിന്ന് ഡല്‍ഹി സാകേത് പോക്‌സോ കോടതിയിലേക്ക് സുപ്രീംകോടതി മാറ്റുകയും ചെയ്തു.
Discussion about this post