ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയില്‍ 39 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണവുമായി ബന്ധമുള്ള ഏഴുപേരെ എന്‍ഐഎ കസ്റ്റഡിയില്‍. ശ്രീനഗറില്‍ നിന്നാണ് ഇവരെ എന്‍ഐഎ പിടികൂടിയത്. ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. എന്നാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.
തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ശ്രീനഗറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ലെത്പോറയില്‍ വ്യാഴാഴ്ച വൈകിട്ട് 3.30തോടെയായിരുന്നു ആക്രമണം. സിആര്‍പിഎഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങള്‍ വ്യൂഹമായി ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്നു. ജവാന്മാര്‍ സാധാരണ ബസുകളിലായിരുന്നു.
സൈന്യം പട്രോളിംഗ് നടത്തുന്ന ദേശീയ പാതയിലൂടെ നീങ്ങുമ്പോള്‍ ഐഇഡി ബോംബുകള്‍ നിറച്ച എസ്‌യുവി ചാവേര്‍ ഭീകരന്‍ സൈന്യത്തിന്റെ ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
Discussion about this post