ന്യൂഡല്‍ഹി; അതിര്‍ത്തിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കാശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ കേന്ദ്രസക്കാരിന് മേല്‍ സമ്മര്‍ദ്ദമേറുന്നു. തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ അതിര്‍ത്തിയിലും കാശ്മീരിനുള്ളിലും സൈന്യത്തിന് രാഷ്ട്രീയ നേതൃത്വം പൂര്‍ണ്ണസ്വാതന്ത്ര്യം നല്കിയതോടെ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഇതോടെ ഇന്ത്യ -പാക് അതിര്‍ത്തിയില്‍ ഇരു രാഷ്ട്രങ്ങളും സുരക്ഷ ശക്തമാക്കി.
കാശ്മീരില്‍ സുരക്ഷ ഉറപ്പാക്കുക എന്നതിനാണ് ഇന്ത്യ ആദ്യ പരിഗണന നല്‍കുന്നത്. അതേസമയം പുല്‍വാമക്ക് തിരിച്ചടി സൈന്യം തീരുമാനിക്കും എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. നിലവിലെ സാഹചര്യത്തില്‍ 2016ന് സമാനമായ സാധ്യതയാണ് തെളിയുന്നത്. ഉറി ഭീകരാക്രമണം നടന്നത് 2016 സപ്തംബര്‍ 16നാണ്. ഭീകരാക്രമണത്തിന്റെ പതിനൊന്നാം ദിവസം പാക് അതിര്‍ത്തിക്കുള്ളില്‍ കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തി തിരിച്ചടിച്ചു.
ഉറിയെക്കാള്‍ ഇരട്ടി സൈനികര്‍ മരിച്ചുവീണ ആക്രമണം രാജ്യത്ത് വലിയ രോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. തല്ക്കാലം സര്‍ക്കാരിനെതിരെ ജനരോഷം തിരിഞ്ഞിട്ടില്ല. എന്നാല്‍ നടപടിക്ക് സമ്മര്‍ദ്ദം ശക്തമാകുമ്പോള്‍ ഒന്നും ചെയ്തില്ലെങ്കില്‍ അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിഷയമാകുമെന്ന് സര്‍ക്കാരിനറിയാം. കാശ്മീരി യുവാക്കള്‍ക്കിടയില്‍ മതമൗലിക വാദം എത്ര ആഴത്തില്‍ പടരുന്നു എന്ന സൂചന അദില്‍ അഹമ്മദ് ധര്‍ എന്ന യുവാവ് ഒറ്റയ്ക്ക് നടത്തിയ ഈ ചാവേര്‍ ആക്രമണം നല്കുന്നുണ്ട്.
Discussion about this post