ന്യൂഡല്‍ഹി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാകിസ്താന് സന്ദര്‍ശനം വെട്ടിച്ചുരുക്കി. ശനിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന സന്ദര്‍ശനം ഒരു ദിവസത്തേക്കു ചുരുക്കിയതായാണു റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്ക്കു നേരെ ജയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം വെട്ടിച്ചുരുക്കുന്നത്.
17-ന് ആരംഭിക്കേണ്ടിയിരുന്ന സല്മാന് രാജകുമാരന്റെ സന്ദര്‍ശനം നീട്ടിവച്ചതായി പാതിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് അറിയിച്ചിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക് സന്ദര്‍ശനം ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം പാകിസ്താന് വിഘടനവാദി സംഘടനയായ ജെയ് സിന്ധ് മുത്തഹിദ മഹസ് ( ജെഎസ്എംഎം) ചെയര്മാന് ഷാഫി ബുര്‍ഫത് പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ മുഹമ്മദ് ബിന്‍ സല്മാന് പാകിസ്താന് സന്ദര്‍ശിച്ചാല്‍ പാക് സര്‍ക്കാരിന്റെ ഭീകരവാദ നിലപാടുകള്‍ക്ക് അനുകൂലമാണെന്ന് വിലയിരുത്തപ്പെടുമെന്നും ഷാഫി ബുര്‍ഫത് പറഞ്ഞു.
അതേസമയം, ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഈ മാസം 19,ന് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ മുന്നോടിയായി വിവിധ മേഖലകളില്‍ ഒപ്പുവെക്കുന്ന കരാറുകള്‍ സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
Discussion about this post