മുംബൈ: 40 പേരുടെ ജീവന് എടുത്ത് രാജ്യത്തെ ഞെട്ടിച്ച പുല്‍വാമയിലെ ഭീകരാക്രമണത്തിനെതിരെ പ്രതിഷേധവും സങ്കടത്തിന്റെ ആഴവും കൂടി വരികയാണ്. രാജ്യം മുഴുവനും കണ്ണീരില്‍ മുങ്ങുമ്പോള്‍ ആദരം അര്‍പ്പിച്ച് നടി കങ്കണയും രംഗത്ത് വന്നിരിക്കുകയാണ്. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനെതിരെ സിനിമാ ലോകത്തെ പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കങ്കണയും ആദരം അര്‍പ്പിച്ചത്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ചിത്രത്തിന്റെ വിജയാഘോഷം മാറ്റി വച്ചിരിക്കുകയാണ് നടിയും സംവിധായികയുമായ കങ്കണ റണാവത്ത്. കങ്കണയുടെ ചിത്രം ‘മണികര്‍ണ്ണിക: ക്വീന്‍ ഓഫ് ഝാന്‍സി’ക്കെതിരെ ആദ്യ സംവിധായകന് കൃഷും നടി മിഷ്തി ചക്രവര്‍ത്തിയും രംഗത്തെത്തിയതോടെ ചിത്രം വിവാദമായിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കിടയിലും ചിത്രം വിജയം നേടി കുതിയ്ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് വിജയാഘോഷം നടത്താന്‍ തീരുമാനിച്ചത്.
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്, ആമിര്‍ ഖാന്, ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ് തുടങ്ങിയവര്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനെതിരെ ശക്തമായ രീതിയില്‍ അപലപിച്ചിരുന്നു.
Discussion about this post