ഹൈദരാബാദ്: കാര്‍ഷിക വായ്പ എഴുതിത്തളളുന്നത് ഉള്‍പ്പെടെയുളള വാഗ്ദാനങ്ങള്‍ മുഴുവനായി പാലിക്കാതെ ചന്ദ്രബാബു നായിഡു വഞ്ചിച്ചെന്ന് കര്‍ഷകര്‍. ചന്ദ്രബാബു നായിഡുവിനെതിരെ വന്‍ കര്‍ഷകരോഷമാണ് നടക്കുന്നത്. എന്നാല്‍, കേന്ദ്രം ഫണ്ട് തരാതിരിക്കുന്നതാണ് തടസ്സമെന്ന വാദമുന്നയിച്ച് പിടിച്ചുനില്‍ക്കുകയാണ് ടിഡിപി.
ലോക്‌സഭയിലേക്കും ആന്ധ്ര നിയമസഭയിലേക്കും ചന്ദ്രബാബു നായിഡുവിന്റെ പോരാട്ടം ഒറ്റയ്ക്കാണ്. ബിജെപിയും പവന്‍ കല്യാണിന്റെ ജനസേനയും ഇത്തവണ ഒപ്പമില്ല. അതിനൊപ്പം അഞ്ച് വര്‍ഷത്തെ ഭരണം കൂടി വിലയിരുത്തപ്പെടുന്നു. റായലസീമയിലും ആന്ധ്രയിലും ഗ്രാമങ്ങള്‍ വോട്ടിനൊരുങ്ങുകയാണ്.
മുളകിന് പേരുകേട്ട ഗുണ്ടൂര്‍, 2014ല്‍ ടിഡിപി പതിനേഴില്‍ പന്ത്രണ്ട് സീറ്റും നേടിയ ജില്ലയാണ്. അവരുടെ ശക്തികേന്ദ്രം. പക്ഷെ ഭരണമെങ്ങനെയെന്ന് ചോദിച്ചു അവിടെ ചെന്നാല്‍ എരിവേറും ഉത്തരത്തിന്. ഒരു ലക്ഷത്തിന് താഴെയുളള കാര്‍ഷിക വായ്പകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ എഴുതിത്തളളിയിരുന്നു.
എന്നാല്‍, മിക്കവര്‍ക്കുമുളളത് അതിന് മുകളിലുള്ള കടമാണ്. ഘട്ടംഘട്ടമായി തീര്‍ക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പക്ഷെ അത് എങ്ങുമെത്തിയിട്ടില്ല. പരുത്തിക്കും മുളകിനുമെല്ലാം വില കുറയുന്നതും കര്‍ഷകരോഷം ഇരട്ടിയാക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഏക്കറിന് 12,500 രൂപ അക്കൗണ്ടിലെത്തിക്കുമെന്ന് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വാഗ്ദാനമുണ്ട്. തിരിച്ചടി ഭയന്ന് സ്ത്രീ തൊഴിലാളികള്‍ക്ക് പതിനായിരം രൂപ നല്‍കുന്ന പദ്ധതി നായിഡു തുടങ്ങിക്കഴിഞ്ഞു.