ശ്രീനഗര്‍: കാശ്മീരിലെ വിഘടനവാദികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പാകിസ്താനില്‍ നിന്നും ചാരസംഘടനയായ ഐഎസ്‌ഐയില്‍നിന്നും പണം വാങ്ങുന്നവര്‍ രാജ്യത്തുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അത്തരക്കാര്‍ക്ക് സുരക്ഷ നല്‍കുന്ന കാര്യം പുനരാലോചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരുടെയും പേരെടുത്ത് പറയാതെയാണ് അദ്ദേഹം വിമര്‍ശം ഉന്നയിച്ചത്. ഭീകര സംഘടനകളുമായി അടുത്ത ബന്ധംപുലര്‍ത്തുന്ന ചില ഘടകങ്ങളുണ്ട്. ഐഎസ്‌ഐ അടക്കമുള്ളവയുമായി അവര്‍ ഗൂഢാലോചനകളില്‍ പങ്കെടുക്കുന്നു. കശ്മീരിലെ ജനങ്ങളുടെ, വിശേഷിച്ച് യുവാക്കളുടെ ഭാവികൊണ്ടാണ് അവര്‍ കളിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് കഴിയുന്നത്ര സഹായം നല്‍കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജവാന്മാരുടെ ആത്മവീര്യം തകരരുത്. ഭീകരവാദത്തിനെതിരായ പോരാട്ടം ഇതോടെ അവസാനിക്കുമോയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ സൈനിക വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് മറ്റുവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. നിയന്ത്രണംമൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി ബദ്ഗാമിലെ സൈനിക ക്യാമ്പിലെത്തി വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു.
Discussion about this post