ഡെറാഡൂണ്‍; ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട, ഉത്തരാഖണ്ഡ് സ്വദേശികളായ ജവാന്മാരുടെ കുടുംബത്തിന് ധനസഹായവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി ത്രിവേദ സിംഗ് . മരിച്ച ജവാന്മാരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ജവാന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ തമിഴ്‌നാട് സര്‍ക്കാരും ,ത്രിപുര സര്‍ക്കാരും കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ 20 ലക്ഷവും ത്രിപുര സര്‍ക്കാര്‍ 2 ലക്ഷവുമാണ് പ്രഖ്യാപിച്ചത്.
ഇന്നലെ വൈകിട്ട് 3.15 നും 3.20 ഇടയിലാണ് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അക്രമണത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
അവധി കഴിഞ്ഞ് തിരികെ വരുകയായിരുന്ന 70 ഓളം വാഹനവ്യൂഹത്തിന് നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. ജമ്മുവില്‍ ഒരുമിച്ച് ചേര്‍ന്നതിന് ശേഷം ശ്രീനഗറിലേക്ക് പുറപ്പെട്ട ജവാന്‍മാരുടെ വാഹനവ്യൂഹം ആണ് ആക്രമിക്കപ്പെട്ടത്. ശ്രീനഗറില്‍ നിന്ന് 20 അകലെ ജമ്മു – ശ്രീനഗര്‍ ദേശീയപാതയിലെ അവന്തിപ്പൊരയിലാണ് സംഭവം. വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വച്ച വാഹനം ഓടിച്ചു കയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു.
തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 18 വര്‍ഷത്തിനിടയില്‍ ജമ്മുവില്‍ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്.