ലഖ്നൗ: വിവാഹദിനത്തില്‍ വരന്റെയും കൂട്ടരുടേയും അപമര്യാദയായ പെരുമാറ്റത്തില്‍ രോഷാകുലയായ വധു വിവാഹത്തില്‍ നിന്നും പിന്മാറി. ലഖ്നൗവിലെ നാഗാറാമിലാണ് സംഭവം. മദ്യപിച്ചു ലക്കുകെട്ട് വിവാഹവേദിയിലെത്തിയ വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ വധുവിന്റെ സഹോദരനെ ഉപദ്രവിച്ചതോടെയാണ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി വധു അറിയിച്ചത്. തുടര്‍ന്ന് വിവാഹം മുടങ്ങാതിരിക്കാന്‍ ബന്ധുക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധു തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഗ്രാമീണരും വധുവിന്റെ ഭാഗത്താണ് ന്യായമെന്ന് കണ്ടെത്തി വരനും കൂട്ടര്‍ക്കും നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.
വിവാഹാഘോഷത്തിനിടയിലെ നൃത്തത്തിനിടയില് വരന്റെ കൂട്ടത്തില്‍പ്പെട്ട ചിലര്‍ മദ്യപിച്ചു വന്നു ബഹളമുണ്ടാക്കി. ഇതിനിടയിലാണ് വധുവിന്റെ സഹോദരന് ധര്‍മ്മേന്ദ്രയെ വരന്റെ കൂട്ടര് കല്ലുപയോഗിച്ച് ഇടിച്ചത്. ഇതിനു ശേഷം വരന്റെ സംഘവും വധുവിന്റെ സംഘവും പരസ്പരം ചേരിതിരിഞ്ഞ് പോരും തുടങ്ങി.
ചില ഒത്തുതീര്‍പ്പ് ശ്രമങ്ങളുണ്ടാവുകയും വിവാഹച്ചടങ്ങുകള്‍ തുടരാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നും വരന് നേരെ ആക്രമണമുണ്ടായതോടെ ക്ഷുഭിതയായ വധു ഈ വിവാഹത്തിന് തനിക്ക് താല്പര്യമില്ലെന്ന് അറിയിച്ചു. വധുവിന്റെ തീരുമാനത്തെ അഭിനന്ദിച്ച ഗ്രാമീണര്‍ പോലീസിനെ വിളിക്കുകയായിരുന്നു.
Discussion about this post