ഞാന്‍ വിവാഹിതനാണ്, ഭാര്യ ആരാണെന്ന് അറിയാമോ…? വിവാഹക്കാര്യം തിരക്കുന്നവരോട് രാഹുലിന്റെ മറുപടി

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവാഹിതനല്ലെന്നാണ് എല്ലാവരുടേയും വിശ്വാസം. എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹക്കാര്യം തിരക്കിയ മാധ്യമപ്രവര്‍ത്തകരോട് രാഹുലിന്റെ കലക്കന്‍ മറുപടി ഇങ്ങനെ. താന്‍ വിവവാഹിതനാണെന്നും ഭാര്യയുണ്ടെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് താന്‍ വിവാഹം കഴിച്ചിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് രാഹുല്‍ തന്റെ വിവാഹത്തെക്കുറിച്ച് മനസ് തുറന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഹൈദരാബാദില്‍ എത്തിയത്.

2019ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി പ്രധാനമന്ത്രി പദവിയില്‍ തിരിച്ചെത്തില്ലെന്നും ബിജെപിക്ക് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 230 സീറ്റുപോലും കിട്ടില്ല. അതുകൊണ്ടുതന്നെ മോഡി വീണ്ടും പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ബിഹാറിലും ഉത്തര്‍പ്രദേശിലുമുള്ള ബിജെപി ഇതര പാര്‍ട്ടികളുടെ സഖ്യമാണ് ഇതിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും. ആന്ധ്രാപ്രദേശില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തുമെന്നും പറഞ്ഞ രാഹുല്‍ കോണ്‍ഗ്രസിനും മറ്റ് ബിജെപി ഇതര കക്ഷികള്‍ക്കും ഭൂരിപക്ഷം കിട്ടിയാല്‍ ആര് പ്രധാനമന്ത്രിയാകുമെന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിച്ചില്ല.

Exit mobile version