ശ്രീനഗര്‍: പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായി പുല്‍വാമയിലെ ഭീകരാക്രമണം. സൈനിക വാഹനനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്ക് സംഭവിച്ച വീഴ്ച്ചയെന്ന് സൂചന. ജയ്ഷെ മുഹമ്മദ് ഭീകരസംഘടന രണ്ടു ദിവസം മുമ്പ് ഓണ്‍ലൈനില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ കാശ്മീരില്‍ ആക്രമണം നടത്തുമെന്നുള്ള സൂചനകള്‍ നല്‍കിയിരുന്നു.
സ്ഫോടക വസ്തുക്കള്‍ നിറച്ച ഒരു വാഹനം ഉപയോഗിച്ച് അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഭീകരാക്രമണമായിരുന്നു വീഡിയോ ദൃശ്യങ്ങളില്‍. ഇതു സംബന്ധിച്ചു ജമ്മു കാശ്മീര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വേണ്ട സുരക്ഷ മുന്‍കരുതലുകള്‍ ഒന്നും ഏജന്‍സികള്‍ സ്വീകരിച്ചിരുന്നില്ല. എന്‍ഡിടിവിയാണ് ഇക്കാര്യം ആരോപിക്കുന്നത്.
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ ഇന്നലെ വൈകീട്ട് 3.15 ഓടെയാണ് സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 39 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ ചാവേറായ ആദില്‍ അഹമ്മദാണ് ആക്രമണം നടത്തിയത്.
1980ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് കശ്മീരില്‍ സൈനികര്‍ക്കെതിരെയുണ്ടായത്.
Discussion about this post