ശ്രീനഗര്‍: രാജ്യത്തെ കണ്ണീരിലാഴ്ത്തി സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായി രാജ്യം മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് ഒരുങ്ങുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 39 ജവാന്മാരാണ് ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടന്നെന്ന അഭ്യൂഹമാണ് മാധ്യമങ്ങളില്‍ നിറയുന്നത്. 2016ല്‍ നടന്ന ഉറി ഭീകരാക്രമണത്തേക്കാള്‍ വലിയ ആക്രമണമാണ് ഇന്നലെ കാശ്മീരില്‍ നടന്നത്.
ഭീകരര്‍ക്ക് തിരിച്ചടിയുടെ സൂചന നല്‍കിയാണ് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ ഭീകരാക്രമണത്തോട് പ്രതികരിച്ചത്. ശക്തമായ തിരിച്ചടികള്‍ ഉണ്ടാകുമെന്ന സൂചനകള്‍ ഇതിനോടകം തന്നെ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് വരുന്നുമുണ്ട്. ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ സുരക്ഷാ ഉപദേഷ്ടാവായ കെ വിജയകുമാറാണ് പ്രാഥമിക അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. മാവോയിസ്റ്റ് ആക്രമണങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള സുരക്ഷാ ഉദ്യോഗസ്ഥനാണ് വിജയകുമാര്‍.
350 കിലോയോളം സ്ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇത് എവിടെ നിന്ന് സംഘടിപ്പിച്ചു, ആക്രമണത്തില്‍ പാകിസ്താനുള്ള പങ്ക്, മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നാണോ ഇവ സംഭരിച്ചത്, എങ്ങനെ ഉപയോഗിച്ചു, ഏതുതരം ആസൂത്രണങ്ങളാണ് നടത്തിയത് തുടങ്ങിയ വിശദാംശങ്ങളില്‍ അന്വേഷണം നടക്കും. കാശ്മീരില്‍ നിന്ന് ഭീകര്‍ക്ക് ലഭിച്ച സഹായങ്ങളെക്കുറിച്ചും അന്വേഷിക്കും. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഭീകരര്‍ ചാവേറാക്രമണത്തിന് കാര്‍ ഉപയോഗിക്കുന്നത്.
Discussion about this post