ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ജന്തര്‍മന്ദറില്‍ നടന്ന റാലിക്ക് പിന്നാലെ വേദി വൃത്തിയാക്കാന്‍ ഗംഗാ ജലവുമായി എത്തിയ ബിജെപി നേതാക്കള്‍ക്ക് പണി കൊടുത്ത് മഴ.
മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ പ്രതിപക്ഷത്തെ നിരവധി നേതാക്കള്‍ പങ്കെടുത്തിരുന്നു. ജന്തര്‍മന്ദറില്‍ നടന്നത് അവിശുദ്ധ കൂട്ടുകെട്ടാണെന്നും അതുകൊണ്ട് തന്നെ അവിടം ശുദ്ധീകരിക്കേണ്ടതുണ്ടെന്നുമായിരുന്നു ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞത്.
ബിജെപി പ്രവര്‍ത്തകരെ കൂടി അണിനിരത്തി വലിയൊരു പരിപാടി തന്നെ ഇതിന്റെ പേരില്‍ നടത്താനും ബിജെപി തീരുമാനിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനായി ഗംഗാജലവുമായി മനോജ് തിവാരിയും എത്തി. എന്നാല്‍ ശുദ്ധികലശം വലിയ പരിപാടിയാക്കി മാറ്റാനുള്ള ബിജെപിയുടെ ശ്രമത്തിന് തിരിച്ചടിയായി കനത്തമഴ.
പരിപാടി തീരുമാനിച്ച ദിവസം രാവിലെ മുതല്‍ കനത്ത മഴയായിരുന്നു ഡല്‍ഹിയില്‍ പെയ്തത്. വേദിയിലെത്തി മനോജ് തിവാരി സംസാരിച്ചു തുടങ്ങിയപ്പോഴേക്കും മഴ കനത്തു. ഇതോടെ പ്രതിഷേധപരിപാടി ഒരുവിധം തീര്‍ത്ത് എങ്ങനെയെങ്കിലും മടങ്ങാനായി നേതാക്കന്‍മാരുടെ ശ്രമം.