ഭോപാല്‍: മധ്യപ്രദേശിലെ എഡിജിപിയുടെ കുടുംബത്തില്‍ നടക്കുന്ന വിചിത്രമായ സംഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചിട്ട് ഒരു മാസമായി എന്നിട്ടും മൃതദേഹം സംസ്‌ക്കരിച്ചിട്ടില്ല. ജനുവരി 14നാണ് എഡിജിപി രാജേന്ദ്ര കുമാര്‍ മിശ്രയുടെ പിതാവ് മരിച്ചത്.
ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം സംസ്‌കരിക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. മിശ്രയുടെ വീട്ടിലെ ജീവനക്കാര്‍ അസുഖബാധിതരായതോടെയാണ് വിവരം പുറംലോകം അറിയുന്നത്. എന്നാല്‍ സംഭവത്തെ ചൊല്ലി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതു തന്റെ സ്വന്തം കാര്യമാണെന്നായിരുന്നു മിശ്രയുടെ പ്രതികരണം.
‘പിതാവിനെ ചികില്‍സിച്ച ബന്‍സലിലെ ആശുപത്രി ജീവനക്കാര്‍ എന്താണു പറഞ്ഞതെന്ന് അറിയില്ല. അവര്‍ ചികില്‍സ അവസാനിപ്പിച്ചപ്പോള്‍ അദ്ദേഹത്തെ ഞങ്ങള്‍ വീട്ടിലേക്കു കൊണ്ടുവന്നു. ഇപ്പോള്‍ ആയുര്‍വേദ ഡോക്ടറുടെ ചികില്‍സയിലാണെന്നായിരുന്നു മിശ്രയുടെ വാദം. പിതാവിനെ കാണാന്‍ ആരെങ്കിലും ചോദിച്ചാല്‍ അദ്ദേഹം സമ്മതിക്കാറുണ്ടായിരുന്നില്ല’- വീട്ടിലെ ജോലിക്കാര്‍ പറഞ്ഞു.
മിശ്രയും കുടുംബവും പിതാവ് സമാധിയിലാണെന്നാണു വിശ്വസിക്കുന്നത്. മെഡിക്കല്‍ സയന്‍സിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം മരിച്ചിരിക്കുകയാണ്. താന്‍ പരിശോധിച്ച സമയത്ത് ശരീരം അഴുകിയിരുന്നില്ല. എന്നാല്‍ നിലവിലെ സ്ഥിതി എന്താണെന്നു അറിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. മിശ്ര ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹം മൃതദേഹം പരിശോധിച്ചത്.
എന്നാല്‍ മിശ്രയ്ക്ക് പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ് കൈമാറിയിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ജനുവരി 13നാണ് കെഎം മിശ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 14ന് വൈകിട്ട് നാലിന് അദ്ദേഹം മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു അദ്ദേഹത്തിന്. മരണസര്‍ട്ടിഫിക്കറ്റിന്റെ ഒരു പകര്‍പ്പ് ഭോപാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും കൈമാറിയിരുന്നു. പോലീസെത്തിയാല്‍ അവരെ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയാറാണെന്നും ബന്‍സല്‍ ആശുപത്രി വക്താവ് ലോകേഷ് ഝാ പറഞ്ഞു.
Discussion about this post