വെല്ലൂര്‍: മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തുകയും പച്ചയ്ക്ക് കത്തിക്കുകയും ചെയ്യുന്ന കാലമാണിത്. അന്യ മതത്തില്‍ പെട്ടവരെ വിവാഹം ചെയ്തതിന് ഇന്ത്യയിലും കേരളത്തിലും നിരവധി ദുരഭിമാന കൊല തന്നെ നടന്നിട്ടുണ്ട്.
മനുഷ്യനെ ഒരുമിപ്പിക്കാനല്ല, മറിച്ച് തമ്മില്‍ വേര്‍തിരിക്കാനാണ് ജാതിയും മതവും ഇന്നേറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ജാതിയേയും മതത്തെയും കാറ്റില്‍ പറത്തിയിരിക്കുകയാണ് വെല്ലൂരിലെ സ്നേഹ പാര്‍ത്തിബരാജ് എന്ന അഭിഭാഷക.
ജാതിയും മതവുമില്ലെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് സ്നേഹ പാര്‍ത്തിബരാജ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ കഠിന പോരാട്ടത്തിനൊടുവിലാണ് തനിക്കീ അസുലഭ നേട്ടം കൊയ്യാന്‍ സാധിച്ചതെന്ന് സ്നേഹ പറഞ്ഞു. ജാതിയും മതവുമില്ലെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന രാജ്യത്തെ തന്നെ ആദ്യ വ്യക്തിയാണ് ഈ അഭിഭാഷക. ഫെബ്രുവരി 5നാണ് വെല്ലൂര്‍ തഹസില്‍ദാര്‍ ടി എസ് സത്യമൂര്‍ത്തി, സ്നേഹയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.
2017 മേയ് മാസത്തിലാണ് സര്‍ട്ടിഫിക്കറ്റിനുവേണ്ടി സ്നേഹ അവസാനമായി അപേക്ഷ സമര്‍പ്പിക്കുന്നത്. മുമ്പ് പലതവണ അപേക്ഷകള്‍ അധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഒക്കെ നിഷ്ഫലമായിരുന്നു. എന്നാല്‍ ഒടുക്കത്തെ ശ്രമമെന്ന നിലയ്ക്ക് ഒട്ടും പ്രതീക്ഷയില്ലാഞ്ഞിട്ടും നടത്തിയ ശ്രമമാണ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാന്‍ സ്നേഹയെ സഹായിച്ചത്.
‘രാജ്യത്തെ എല്ലാ വ്യക്തികളും തങ്ങളുടെ ജാതി-മത രഹിത ജീവിതം സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റിലൂടെ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്…’ – സ്നേഹ പറഞ്ഞു.
സര്‍ട്ടിഫിക്കറ്റുകളില്‍ ജാതിയും മതവും നിര്‍ബന്ധമായും രേഖപ്പെടുത്തണം എന്ന് ഈ രാജ്യത്തെ ഒരു നിയമവും അനുശാസിക്കുന്നില്ല. എന്നിട്ടും സ്കൂളുകളും കോളേജുകളുമെല്ലാം പ്രവേശനത്തോടൊപ്പം കുട്ടികളെ കൊണ്ട് നിര്‍ബന്ധിച്ച് ഇവ രേഖപ്പെടുത്തുന്നു. ഈ പ്രവണത ഇല്ലാതാക്കാന്‍ തന്റെ നേട്ടത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും സ്നേഹ കൂട്ടിച്ചേര്‍ത്തു.
സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യവുമായി വെള്ളൂര്‍ സബ് കളക്ടര്‍ പ്രിയങ്ക പങ്കജത്തിന്റെ അടുത്തെത്തിയപ്പോള്‍ ആദ്യം അവര്‍ അപേക്ഷ നിരസിക്കുകയായിരുന്നു. തികച്ചും അസാധാരണമായ കേസെന്നായിരുന്നു അന്ന് അവര്‍ പറഞ്ഞത്. എന്നാല്‍ ജാതിയും മതവും സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്നുള്ള നിയമങ്ങള്‍ ഒന്നും തന്നെ നിരസിക്കാനുള്ള കാരണമായി അവര്‍ക്ക് ചൂണ്ടിക്കാണിക്കാനും സാധിച്ചിട്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്നേഹക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന് സബ് കളക്ടര്‍ തഹസില്‍ദാറിനേട് ഉത്തരവിട്ടത്.
Discussion about this post