ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. മോഡി രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും, ഇന്ത്യയില്‍ നടക്കുന്നത് ശ്രീരാമന്റെതല്ല, ദുശ്ശാസനന്റെ ഭരണമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ആംആദ്മി പാര്‍ട്ടി ജന്ദര്‍ മന്ദറില്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു മോഡിക്കെതിരെ യെച്ചൂരിയുടെ രൂക്ഷവിമര്‍ശനം.
മോഡി ഇന്ത്യയ്ക്കായി ഒന്നും ചെയ്തില്ല. രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് പകരം ബിജെപിയുടെ നിയമങ്ങളാണ് മോഡി ഇന്ത്യയില്‍ നടപ്പിലാക്കുന്നത്. സമ്പന്നരെ മാത്രം സഹായിക്കുന്ന നടപടികള്‍ മൂലം കര്‍ഷകര്‍ ദുരിതത്തിലായി. അധികാരം ഉപയോഗിച്ച് സിബിഐ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടികളാണ് മോഡി കൈക്കൊണ്ടത്. കാവല്‍ക്കാരന്റെ ജോലി സമ്പത്ത് സംരക്ഷിക്കുകയാണ് എന്ന് മോഡി ഓര്‍ക്കണമെന്നും സീതാറാം യച്ചൂരി പറഞ്ഞു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ദില്ലിയില്‍ മികച്ച ഭരണമാണ് കാഴ്ചവെക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
‘സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജന്ദര്‍ മന്ദറില്‍ ആം ആദ്മി പാര്‍ട്ടി റാലി സംഘടിപ്പിക്കുന്നത്.
Discussion about this post