ന്യൂഡല്‍ഹി; ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ കൂട്ടായ്മ ശക്തമാകുന്നു. സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ജന്ദര്‍ മന്ദറില്‍ സംഘടിപ്പിക്കുന്ന ആം ആദ്മി റാലിയും പ്രതിപക്ഷ കൂട്ടായ്മയുടെ വേദിയാകും. മമതക്കും ചന്ദ്രബാബു നായിഡുവിനും പിന്നാലെയാണ് അരവിന്ദ് കേജരിവാളും കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.
ആംആദ്മി പാര്‍ട്ടി സംഘടിപ്പിക്കുന്ന റാലിയില്‍ മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. അതേസമയം റാലിയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മോഡിയുടെ സ്വേച്ഛാധിപത്യം അനുവദിക്കില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.