ഡല്‍ഹി ഹോട്ടല്‍ തീപിടുത്തം; അര്‍പിത് പാലസ് പ്രവര്‍ത്തിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ

അന്വേഷണം മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന

ന്യൂഡല്‍ഹി: തീപിടുത്തം ഉണ്ടായ ഹോട്ടല്‍ അര്‍പ്പിത് പാലസ് പ്രവര്‍ത്തിച്ചിരുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. 2017ന് ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ എന്‍ഒസി നല്‍കിയിരുന്നെങ്കിലും റൂഫ് ടോപ്പ് ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് വിവരം.

ഹോട്ടലിന്റെ ജനറല്‍ മനേജര്‍ രാജേന്ദ്രന്‍,മാനേജര്‍ വികാസ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ജനറല്‍ മാനേജര്‍ക്കും മാനേജര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ 3 മലയാളികളുള്‍പ്പെടെ 17 പേര്‍ മരിച്ചിരുന്നു.

അന്വേഷണം മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ഡല്‍ഹി സര്‍ക്കാര്‍ നഷ്ട്പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version