ന്യൂഡല്‍ഹി: സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നവര്‍ക്ക് വിലങ്ങിടാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇനി അത്തരത്തില്‍ പ്രചരിക്കുന്നത് കുറ്റകരമാക്കുവാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും നിര്‍ദേശിക്കുന്നതാണ് ബില്‍. വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.
1952ലെ സിനിമാറ്റോഗ്രാഫ് ആക്ട് ഭേദഗതി ചെയ്യുന്ന ബില്ലിലൂടെ സിനിമയുടെ വ്യാജപതിപ്പുകള്‍ ഇറക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയിട്ടുണ്ട്. പകര്‍പ്പവകാശം ഉള്ളയാളുടെ രേഖാമൂലമുള്ള സമ്മതം ഇല്ലാതെ ഏതെങ്കിലും ഉപകരണം വെച്ച് സിനിമ പകര്‍ത്തുന്നത് കുറ്റകരമാണ്. കേന്ദ്രമന്ത്രിസഭ യോഗമാണ് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്.
അനധികൃതമായി സിനിമ ക്യാമറയില്‍ പകര്‍ത്തുന്നതും വ്യാജ പതിപ്പുകള്‍ ഇറക്കുന്നതും ഇതുവഴി തടയാനാകും എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റിലീസ് ദിവസം തന്നെ സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇറങ്ങുന്നത് സിനിമാ വ്യവസായത്തിന് തന്നെ വലിയ നഷ്ടം ഉണ്ടാക്കുന്നുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ടാണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്.
Discussion about this post