അഗര്‍ത്തല: കേരളത്തെ വാനോളം പുകഴ്ത്തി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. റബര്‍ ഉത്പാദനത്തില്‍ കേരളത്തെ കണ്ടുപഠിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അതേസമയം ഇന്ത്യയില്‍ കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം റബര്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ത്രിപുര എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
റബര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് കേരളരീതി അവലംബിക്കണമെന്നും കേരളാ രീതി ത്രിപുര പിന്തുടരണമെന്നും ബിപ്ലബ് പറഞ്ഞു. ‘നമ്മുടെ സംസ്ഥാനത്തും ‘കേരള സാങ്കേതിക വിദ്യ’ സ്വീകരിക്കണം. സാധാരണ കാലാവസ്ഥയിലും മഴക്കാലത്തും നഷ്ടം സംഭവിക്കാത്ത രീതിയില്‍ റബര്‍ പാല് സംഭരിക്കാനും അനുബന്ധ ഉത്പന്നങ്ങള്‍ ശേഖരിക്കാനും സാധിക്കണം. ത്രിപുരയിലെ റബര്‍ ഉത്പാദനത്തിന് അത് വലിയ ഊര്‍ജം പകരും’ ബിപ്ലബ് ദേബ് പറഞ്ഞു.
ത്രിപുര വനം-തോട്ടവികസന കോര്പറേഷന് സംഘടിപ്പിച്ച സെമിനാറിലാണ് ബിപ്ലബിന്റെ പരാമര്‍ശം. റബര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് കേരളം ആശ്രയിക്കുന്ന മാര്‍ഗങ്ങള്‍ മാതൃകയാക്കാനാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. 85,000 ഹെക്ടറിലുള്ള റബര്‍ കൃഷിയിലൂടെ പ്രതിവര്‍ഷം 65,330 ടണ്‍ റബറാണ് ത്രിപുര ഉത്പാദിപ്പിക്കുന്നത്. റബര്‍ ഉത്പാദനത്തില്‍ ത്രിപുരയുടെ സംഭാവന 30 ശതമാനമായെങ്കിലും വര്‍ധിപ്പിക്കുന്നതിന് എല്ലാ കര്‍ഷകരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post