ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ കയ്യടക്കി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫോസ്ബുക്ക് കുറിപ്പ്. ‘അപ്രതീക്ഷിതമായെത്തിയ ഒരു ഫോണ്‍ കോള്‍ കട്ജുവിനെ തന്റെ സ്കൂള്‍ കാലത്തേക്ക് കൂട്ടികൊണ്ടു പോയി. 57 വര്‍ഷങ്ങള്‍ക്കു ശേഷം അവള് വിളിച്ചു.. വീണ്ടും 15 വയസ്സിലേക്ക് ഒന്ന് വീണു എന്നും അദ്ദേഹം പറഞ്ഞു. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൗമാരകാലത്തെ തന്റെ ആ സൗഹൃദത്തിന്റെ ഓര്‍മ്മ കട്ജു പങ്കുവച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ നിരവധി നല്ല കമന്റുകളാണ് വരുന്നത്. എന്തായാലും ജനങ്ങള്‍ പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നു
കട്ജുവിന്റെ പോസ്റ്റ് ഇങ്ങനെ:
‘ഇപ്പോള്‍ എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. എന്റെ പ്രായമുള്ള (73) ഒരു ആംഗ്ലോ ഇന്ത്യന്‍ വനിത. 1961 ല്‍ ഞാന്‍ അലഹബാദ് ബോയ്സ് ഹൈസ്കൂളില്‍ ആയിരുന്ന സമയത്ത് അവള് അവിടെ ഗേള്‍സ് ഹൈസ്കൂളില്‍ ആയിരുന്നു. അതീവ സുന്ദരി (ഇപ്പോള്‍ എങ്ങനെയാണെന്ന് അറിയില്ല). അക്കാലത്ത് ഞങ്ങള്‍ക്ക് ഇരുവര്‍ക്കും പരസ്പരം ഒരു ആകര്‍ഷണം തോന്നിയിരുന്നു (ഏകദേശം 15-16 വയസിലായിരുന്നു).
എന്തായാലും പിന്നീട് രണ്ട് പേരും രണ്ട് വഴിക്കായി.. 57 വര്‍ഷമായി അവളെക്കുറിച്ച് ഞാനൊന്നും അറിഞ്ഞിരുന്നില്ല.. എന്നാല്‍ ഇപ്പോള്‍ അവള് എന്നെ വിളിച്ചു.. എഫ്ബിയില്‍ എന്റെ ഫോട്ടോകള്‍ (സ്കൂള്‍ ക്രിക്കറ്റ്-ഫുട്ബോള്‍ ടീമിലെ ചിത്രങ്ങള്‍) കണ്ട് എന്നെക്കുറിച്ച് ഓര്‍ത്തു എന്നാണ് പറഞ്ഞത്. അവളെ ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചു. വളരെ കാലം മുന്‍പായിരുന്നുവെങ്കിലും അത്രയും സുന്ദരി ആയിരുന്ന എന്റെ സുഹൃത്തിനെ എങ്ങനെ മറക്കും എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഇതിന് ശേഷം അവിസ്മരണീയമായ ജീവിതകഥയാണ് അവള് പങ്കു വച്ചത്. ഇവളുടെ ഇരുപതുകളുടെ അവസാനഘട്ടത്തില്‍ കേരള സ്വദേശിയായ ഒരു യുവഡോക്ടറെ പരിചയപ്പെട്ടു. അവളെക്കാള്‍ 5 വയസ് കുറവ്. ആദ്യ സമാഗമത്തില്‍ തന്നെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടോയെന്ന് ചോദിച്ചു.. ‘തന്നെ എനിക്ക് അറിയില്ല, തനിക്ക് എന്നെയും പിന്നെ ഞാന്‍ എങ്ങനെ സമ്മതം അറിയിക്കും’ എന്നായിരുന്നു മറുപടി.
എന്നാല്‍ അവളുടെ അമ്മയെ തനിക്ക് അറിയാമെന്നും തന്റെ പേഷ്യന്റ് ആയിരുന്നുവെന്നുമായിരുന്നു യുവഡോക്ടറുടെ മറുപടി. വളരെ നല്ലൊരു വ്യക്തിയായിരുന്നു അവര്‍. സ്വഭാവികമായും അവരുടെ കുട്ടികളും അമ്മയെപ്പോലെ തന്നെ ആയിരിക്കും. അതുകൊണ്ട് തന്നെ നിങ്ങള്‍ വളരെ നല്ല വ്യക്തിയായിരിക്കുമെന്നും പറഞ്ഞു. കുറച്ചു നാളത്തെ സൗഹൃദത്തിനൊടുവില്‍ വിവാഹത്തിന് എന്റെ സുഹൃത്ത് സമ്മതം മൂളി.പക്ഷെ അപ്പോള്‍ ആ ഡോക്ടറുടെ മാതാപിതാക്കള്‍ എതിര്‍പ്പുമായെത്തി. വന്‍ തുക സ്ത്രീധനം വാഗ്ദാനം ചെയ്ത് ഒരു പെണ്‍കുട്ടിയുടെ കുടുംബം തങ്ങളെ സമീപിച്ചിട്ടുണ്ട് എന്നായിരുന്നു അവര്‍ പറഞ്ഞത്. താന്‍ വേണോ വലിയ തുക സ്ത്രീധനം വേണോ എന്ന് തെരഞ്ഞെടുക്കാന്‍ എന്റെ സുഹൃത്ത് ആവശ്യപ്പെട്ടപ്പോള്‍ ആ യുവാവ് അവളെയാണ് തെരഞ്ഞെടുത്തത്. അങ്ങനെ മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് അവര്‍ വിവാഹിതരായി. 25 വര്‍ഷം വളരെ സന്തോഷമായി തന്നെ ജീവിച്ചു. രണ്ട് മക്കളുമായി. ഈ സമയത്ത് അസുഖബാധിതനായി ഡോക്ടര്‍ മരിച്ചു. മക്കളും നല്ല രീതിയില്‍ ജീവിക്കുന്നു. സുഹൃത്ത് ഇപ്പോള്‍ തനിയെ ആയി.
ഡല്‍ഹിയിലോ ഡല്‍ഹിക്ക് സമീപമോ എത്തുകയാണെങ്കില്‍ കാണാം എന്ന് ഞാന്‍ അവളോട് പറഞ്ഞു. വളരെ മനോഹരമായിരിക്കും 57 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ കൂടിക്കാഴ്ച . അവള് ആകെ മാറിയിട്ടുണ്ടാകും ഇപ്പോള്‍, പക്ഷെ എനിക്ക് അവള് പഴയ പോലെ തന്നെയായിരിക്കും.. 1961 ല്‍ അവള് എങ്ങനെയിരുന്നോ അത് പോലെ’
വന്‍സ്വീകാര്യതയാണ് ജസ്റ്റിസിന്റെ ഈ പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. സ്കൂള്‍ കാലത്തെ പ്രണയം ഓര്‍മിച്ച് പ്രണയ ദിനം വളരെ നേരത്തെ തന്നെ ആഘോഷം തുടങ്ങി എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ എത്തുന്നത്.
Discussion about this post