കൊല്‍ക്കത്ത: ഇനിയും കൂടുതല്‍ ജോലി സാധ്യതകള്‍ നല്കി രാജ്യം എത്രയോ മുന്നേറാനുണ്ടെന്ന് കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുടെ കുറിപ്പ് സോഷ്യല്‍മീഡിയയെ ചിന്തിപ്പിക്കുകയാണ്. പശ്ചിമബംഗാള്‍ സ്വദേശിയായ ഷൗവിക് ദത്തയുടേതാണ് കുറിപ്പ്. ഉന്നതവിദ്യാഭ്യാസമുള്ള യുവാവ് ബാങ്കിങ് മേഖലയില്‍ ഒരുപക്ഷേ ശോഭിക്കേണ്ടയാള് ഭക്ഷണവിതരണ കമ്പനിയുടെ ഡെലിവെറി ബോയി ആയി തന്റെ പക്കലെത്തിയ അമനുഭവമാണ് ഷൗവിക് പങ്കുവെയ്ക്കുന്നത്. സൊമാറ്റോയില്‍നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തതില്‍ ഒരുപക്ഷെ ആദ്യമായി പശ്ചാത്താപം തോന്നുന്നുവെന്നാണ് ഷൗവിക് പറയുന്നത്.
ഷൗവിക് സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ: ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോയില്‍നിന്ന് ഷൗവിക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. മേരാജ് എന്നയാളാണ് ഷൗവിക്കിന്റെ വീട്ടില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ എത്തുമെന്ന് ആപ്പില്‍ കാണിക്കുകയും ചെയ്തു. കൂടുതല്‍ വിശദമായി പ്രൊഫൈല്‍ നോക്കിയപ്പോള്‍, മേരാജിന്റെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ചുള്ള വിവരണം ഷൗവിക്കിനെ ഞെട്ടിക്കുകയായിരുന്നു. കൊമേഴ്സില്‍ ബിരുദാനന്തര ബിരുദധാരിയെന്നായിരുന്നു മേരാജ്. ഭക്ഷണം വിതരണം ചെയ്യാന്‍ മെരാജ് എത്തിയപ്പോള്‍, താന്‍ സംസാരിച്ചെന്നും കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്നും എംകോം നേടിയ മെരാജ് പിജിഡിഎം ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ടെന്ന് മനസിലായെന്നും ഷെവിക് പറയുന്നു. വിറയാര്‍ന്ന ശബ്ദത്തില്‍ മേരാജ് ഗുഡ് റേറ്റിങ് ആവശ്യപ്പെട്ട നിമിഷം തന്റെ ജീവിതത്തിലെ ഏറ്റവും ലജ്ജ തോന്നിയ നിമിഷമായിരുന്നെന്നും ഷൗവിക് പറയുന്നു.
നമ്മളെന്താണ് ഈ രാജ്യത്തോട് ചെയ്തുകൊണ്ടിരിക്കുന്നത്? നാമെന്താണ് ഈ സംസ്ഥാനത്തോട് ചെയ്തുകൊണ്ടിരിക്കുന്നത്? ഇവിടെ, ബിരുദാനന്തര ബിരുദധാരി സാധാരണക്കാരനായ ബിരുദംപോലും പൂര്‍ത്തിയാകാത്ത ഒരു ടീനേജ് പയ്യന് ഭക്ഷണം വിതരണം ചെയ്യാന്‍ വന്നിരിക്കുന്നു. എന്തു സന്ദേശമാണ് ഇത് നല്‍കുന്നത്. ഈ രാജ്യത്ത് മാറ്റം ആവശ്യമുണ്ട്. ഈ സംസ്ഥാനത്തിന് മാറ്റം ആവശ്യമുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്, ദുഷ്കരമായ സമയത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഈ രാജ്യത്തിന് മാറ്റം ആവശ്യമുണ്ട്- എന്നു പറഞ്ഞാണ് ഷൗവിക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Discussion about this post