ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന കാലത്തൊക്കെ സിബിഐ തലപ്പത്ത് സ്ഥാനചലനങ്ങളുണ്ടാകുമെന്ന് ചരിത്രം. സര്‍ക്കാരിന്റെ വരുതിയില്‍ നില്‍ക്കാത്തതിനെ തുടര്‍ന്ന് സിബിഐ തലവനെ ആദ്യമായി മാറ്റിയത് ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു. രണ്ടാം തവണ സിബിഐ ഡയറക്ടറെ മാറ്റുന്നതാകട്ടെ മോഡി സര്‍ക്കാരിന്റെ അഥവാ രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തും. അന്ന് വാജ്പേയി സര്‍ക്കാര്‍ ചെയ്തത് ഇന്ന് മോഡി ആവര്‍ത്തിച്ചുവെന്ന് രേഖകള്‍ വിശദീകരിക്കുന്നു.
ത്രിനാഥ് മിശ്രയായിരുന്നു വാജ്പേയി സര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ ചുമതലയില്‍ നിന്നും നീക്കിയത്. അദ്ദേഹം മുമ്പ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, വിപി സിങ്, ചന്ദ്രശേഖര്‍, നരസിംഹ റാഹു എന്നിവര്‍ക്കു കീഴില്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ തലവനായി പ്രവര്‍ത്തിച്ചിരുന്നു. തുടക്കം മുതല്‍ തന്നെ മിശ്ര രാഷ്ട്രീയ അധികാരികള്‍ക്കു മുമ്പില്‍ തലകുനിക്കാന്‍ വിസമ്മതിച്ചിരുന്നു. അക്കാരണം കൊണ്ടാണ് അദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്നാണ് പറയപ്പെടുന്നത്.
ബോംബെ കലാപം, ശിവപുരി ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം മോഷണം പോയ കേസ്, കടുകെണ്ണയിലെ മായം കാരണം സംഭവിച്ച മരണങ്ങള് തുടങ്ങിയ ഉന്നത ബന്ധമുള്ള കേസുകള്‍ അന്വേഷിച്ചുകൊണ്ടിരിക്കവേയാണ് മിശ്രയെ പുറത്താക്കുന്നത്.
ഇതിനിടെ ഉണ്ടാ വ്യവസായി ധീരുഭായ് അംബാനിയുമായി ബന്ധപ്പെട്ട കേസാണ് വാജ്പേയി സര്‍ക്കാറുമായുള്ള അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയതും മിശ്രയെ പുറത്താക്കുന്നതിലേക്ക് നയിച്ചതും. 1998 നവംബര്‍ 19ന് ധീരുഭായ് അംബാനിയുടെ വീട് റെയ്ഡ് ചെയ്യാനായി അദ്ദേഹത്തിന്റെ മുംബൈയിലെ വസതിക്കുമുമ്പില്‍ സിബിഐ സംഘം എത്തിയിരുന്നു. അതേസമയം തന്നെ മുംബൈയിലെയും ഡല്‍ഹിയിലെയും റിലയന്‍സ് ഓഫീസുകളിലും റെയ്ഡ് നടന്നു. എട്ടു മണിക്കൂറോളം നീണ്ടുനിന്നു ഈ റെയ്ഡ്.
ഇതാദ്യമായായിരുന്നു റിലയന്‍സ് പോലെ ഒരു വമ്പന്‍ കമ്പനിയില്‍ സിബിഐ റെയ്ഡ് നടത്തുന്നത്. ഓഫീഷ്യല്‍ സീക്രട്ട് ആക്ടിന്റെ ലംഘനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ഏതെങ്കിലും രഹസ്യ സര്‍ക്കാര്‍ രേഖകള്‍ അംബാനി ഗ്രൂപ്പിന്റെയോ റിലയന്‍സിന്റെയോ പക്കലുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു സിബിഐ റെയ്ഡ്. റിലയന്‍സ് ഓഫീസുകളിലും മറ്റും റെയ്ഡ് നടന്നതായി നവംബര്‍ 20നാണ് അംബാനി ഗ്രൂപ്പ് സ്ഥിരീകരിക്കുന്നത്.
റെയ്ഡില്‍ നിര്‍ണായകമായ പല രേഖകളും കണ്ടെടുത്തിയതായി പത്തുദിവസത്തിനുശേഷം ഔട്ട്ലുക്ക് റിപ്പോര്‍ട്ടും ചെയ്തിരുന്നു. പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ രേഖയാണിതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
വാജ്പേയിയും ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയും ഈ റെയ്ഡിനെ അനുകൂലിച്ചിരുന്നില്ല. റിലയന്‍സ് ഗ്രൂപ്പ് സിബിഐ റെയ്ഡ് ചെയ്യുന്നത് തങ്ങള്‍ക്ക് താല്പര്യമില്ലയെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നുവെന്നാണ് മിശ്ര പറഞ്ഞത്. റെയ്ഡ് നിര്‍ത്താന്‍ നേരിട്ട് ഉത്തരവിട്ടിരുന്നില്ലെങ്കിലും ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റെയ്ഡിനുശേഷം ധീരുഭായ് അംബാനി പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിളിക്കുകയും വാജ്പേയിയോട് സംസാരിക്കുകയും ചെയ്തിരുന്നു. ഉടന്‍ മിശ്രയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കുകയായിരുന്നു. 14മാസം മാത്രമായിരുന്നു അദ്ദേഹം സിബിഐ ഡയറക്ടറായി പ്രവര്‍ത്തിച്ചത്.
20 വര്‍ഷത്തിനുശേഷം അംബാനിയുടെ റാഫേല്‍ കരാറിലെ സിബിഐ അന്വേഷണം ഭയന്ന് മോഡിയുടെ കീഴിലെ എന്‍ഡിഎ സര്‍ക്കാര്‍ സിബിഐ തലവനെ മാറ്റി ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ്.
Discussion about this post