ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ പുതിയ സൂപ്പര്‍ സ്റ്റാറാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി എന്ന് ശശി തരൂര്‍ എംപി. ‘ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി ഇരുപത്തിന്നാല് മണിക്കൂറുകള്‍ക്കകം രണ്ട് ലക്ഷം ഫോളോവേഴ്സിനെ ലഭിച്ചത് രജിനീകാന്തിന് മാത്രമാണെന്നും പ്രിയങ്ക ഗാന്ധിക്ക് പന്ത്രണ്ട് മണിക്കൂറിനകം ലഭിച്ചത് ഒരു ലക്ഷം ഫോളോവേഴ്സ്’ ആണെന്നും ശശി തരൂര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ രജിനീകാന്തിന് എതിരാളിയാണ് പ്രിയങ്കയെന്നും പുതിയൊരു സൂപ്പര്‍ സ്റ്റാര്‍ ഇവിടെ ജനിച്ചിരിക്കുന്നെന്നുമാണ് തരൂര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ചത്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് മണിക്കൂറിനുള്ളില്‍ പ്രിയങ്കയ്ക്ക് ലഭിച്ചത്. അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ പ്രിയങ്കയ്ക്ക് ഔദ്യോഗിക വെരിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയതായി അറിയിച്ചതോടെയാണ് പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. അതേ സമയം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയെങ്കിലും പ്രിയങ്ക ഇതുവരെ ഒന്നും ട്വീറ്റ് ചെയ്തിട്ടില്ല.
Discussion about this post