‘പേജ് പ്രമുഖ്’ പദ്ധതി കേരളത്തില്‍ നടപ്പാക്കാനൊരുങ്ങി ബിജെപി; യോഗിയും അമിത് ഷായും കേരളത്തിലേക്ക്

പേജ് പ്രമുഖ് മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ദേശീയ നേതാക്കള്‍ കേരളത്തിലെത്തുമെന്നാണ് സൂചന.

പത്തനംതിട്ട: യുപിയിലും ഗുജാറാത്തിലും പരീക്ഷിച്ച ‘പേജ് പ്രമുഖ്’ പദ്ധതി കേരളത്തില്‍ നടപ്പാക്കാനൊരുങ്ങി ബിജെപി. വോട്ടര്‍പട്ടികയിലെ ഒരു പേജിന്റെ ചുമതല ഒരു പ്രവര്‍ത്തകന് നല്‍കി ആ വോട്ടര്‍മാരെ നിരന്തരം സന്ദര്‍ശിച്ച് വോട്ടുറപ്പിക്കുന്ന ‘പേജ് പ്രമുഖ്’ പദ്ധതി കേരളത്തിലും നടപ്പാക്കാനാണ് ബിജെപിയുടെ തീരുമാനം. പേജ് പ്രമുഖ് മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ദേശീയ നേതാക്കള്‍ കേരളത്തിലെത്തുമെന്നാണ് സൂചന.

14-ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തിലും പത്തനംതിട്ടയിലെ പേജ് ഇന്‍ചാര്‍ജുമാരുടെ യോഗത്തിലും പങ്കെടുക്കുമെന്നാണ് പാര്‍ട്ടി വക്താവ് എംഎസ് കുമാര്‍ അറിയിച്ചത്.

22നെത്തുന്ന അമിത് ഷാ പാലക്കാട്, ആലത്തൂര്‍, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തില്‍ പങ്കെടുക്കും. 28-നാണ് നരേന്ദ്ര മോഡി ബൂത്തുതല പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുന്നത്.

വോട്ടര്‍ പട്ടികയുടെ ഒരു പേജിന്റെ ഒരു വശത്ത് 30 പേരാണുള്ളത്. അഞ്ചോ ആറോ വീടുകളിലാകും ഈ വോട്ടുകള്‍. ഇവരുടെ ചുമതല മാത്രമാകും ഈ പേജ് പ്രമുഖിന്. നിരന്തര ഗൃഹസമ്പര്‍ക്കത്തിലൂടെ ഇവരുടെ വോട്ട് അനൂകൂലമാക്കി വോട്ട് ചെയ്യാന്‍ എത്തിക്കുന്നതുവരെയാണ് ചുമതല.

ഉത്തര്‍പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ ബിജെപി പരീക്ഷിച്ചതാണ് പേജ് പ്രമുഖ് പദ്ധതി. രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പേജിന് രണ്ടുപേര്‍ക്കായിരുന്നു ചുമതല.

Exit mobile version