ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകരാനായി ചിനൂക് ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തി. സിഎച്ച്47എഫ് (1) വിഭാഗത്തില്‍പ്പെട്ട നാല് ഹെലികോപ്ടറുകളാണ് കപ്പല്‍മാര്‍ഗം ഗുജറാത്തിലെ മുണ്ഡ്ര തുറമുഖത്തെത്തിയത്. അമേരിക്കന്‍ വ്യോമയാന നിര്‍മ്മാതാക്കളായ ബോയിംഗ് നിര്‍മ്മിക്കുന്ന ഹെലികോപ്റ്ററുകളാണ് ഇവ. ബോയിംഗുമായി പതിനഞ്ച് ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഈ കരാറിലെ ആദ്യ ബാച്ച് ഹെലികോപ്റ്ററാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
ടാങ്കുകളടക്കമുള്ള പന്ത്രണ്ട് ടണ്‍വരെ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷി ചീനൂക് ഹെലികോപ്റ്ററുകള്‍ക്കുണ്ട്. യുദ്ധമുഖത്ത് സൈനികരെ പെട്ടെന്ന് എത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടേറെപ്പേരെ ഒരേസമയം ഒഴിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകള്‍. അമ്പത്തിയഞ്ച് യാത്രക്കാരെ ഒരേ സമയം ഈ ഹെലികോപ്റ്ററില്‍ ഉള്കൊള്ളാനാവും.
കപ്പല്‍മാര്‍ഗം ഗുജറാത്തിലെത്തിയ ഹെലികോപ്റ്ററിനെ ചണ്ഡിഗഢിലേക്ക് കൊണ്ടുപോയി നിരന്തരമായ പരീക്ഷണങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം അവസാനത്തോടെ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും. സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് എന്നിവിടങ്ങളില്‍ ഉപയോഗിക്കത്തക്കവിധമുള്ള അധികസംവിധാനങ്ങളും ഇതിനിടയില്‍ ഇവയില്‍ ഒരുക്കും. ‘ചിനൂക്’ ഹെലികോപ്റ്ററുകള്‍ കൈമാറുന്നതിന് മുന്നോടിയായി കഴിഞ്ഞ ഒക്ടോബറില്‍ വ്യോമസേനയിലെ നാലു പൈലറ്റുമാര്‍ക്കും ഫ്ളൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും ബോയിംഗ് അമേരിക്കയിലെ ഡെലാവെയറില്‍ പരിശീലനം നല്‍കിയിരുന്നു.
Discussion about this post